ന്യൂഡൽഹി: പാസ്പോർട്ടുകളിലെ സുരക്ഷയും തിരച്ചറിയൽ പ്രക്രിയയയും അന്താരാഷ്ട്ര നിലവാരത്തിലാക്കുന്നതിന്റെ ഭാഗമായി ഇ-പാസ്പോർട്ട് അവതരിപ്പിച്ച് ഇന്ത്യ. തെരഞ്ഞെടുത്ത നഗരങ്ങളിൽ മാത്രമാണ് സേവനം ആരംഭിച്ചിരിക്കുന്നത്. സാധാരണയുള്ള പാസ്പോർട്ടിനൊപ്പം ഇലക്ട്രോണിക് ഫീച്ചറുകൾ കൂടി കൂട്ടിച്ചേർത്തതാണ് ഇ-പാസ്പോർട്ടുകൾ.
2024 ഏപ്രിൽ ഒന്നിന് ആരംഭിച്ച പാസ്പോർട്ട് സേവ പ്രോഗ്രാമിന്റെ പ്രധാന സവിശേഷതകളിലെന്നാണ് ഇ-പാസ്പോർട്ട്. ഇതുപ്രകാരം പാസ്പോർട്ടിൽ ബിൽട്ട്-ഇൻ ആന്റിനയും റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ ചിപ്പുമുണ്ടാവും. ഇത് രണ്ടും പാസ്പോർട്ടിന്റെ കവറിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
കവറിലുള്ള സ്വർണ നിറത്തിലുള്ള ചിഹ്നമാണ് ഇ-പാസ്പോർട്ടിനേയും സാധാരണ പാസ്പോർട്ടിനേയും തമ്മിൽ വേർതിരിക്കുന്നത്. ഇ-പാസ്പോർട്ടിലൂടെ കൃത്രിമത്വം, വ്യാജ രേഖ ചമക്കൽ തുടങ്ങിയവയെല്ലാം ഒഴിവാക്കാനാകുമെന്നാണ് കേന്ദ്രസർക്കാറിന്റെ പ്രതീക്ഷ. ആളുകളുടെ വ്യക്തിഗത വിവരങ്ങൾ ഉൾപെടുന്ന ചിപ്പിൽ കൃത്രിമം നടത്തുകയെന്നതും പ്രയാസകരമായ കാര്യമാണ്. ഇതുവഴി അന്താരാഷ്ട്രതലത്തിൽ ഇന്ത്യൻ പാസ്പോർട്ടിന്റെ വിശ്വാസ്യത കൂടുതൽ ഉയർത്താമെന്നും സർക്കാർ കണക്ക് കൂട്ടുന്നു.
നിലവിൽ നാഗ്പൂർ, ഭുവനേശ്വർ, ജമ്മു, ഗോവ, ഷിംല, റായ്പൂർ, അമൃത്സർ, ജയ്പൂർ, ചെന്നൈ, ഹൈദരാബാദ്, സൂറത്ത്, റാഞ്ചി, ഡൽഹി തുടങ്ങിയ നഗരങ്ങളിലാണ് ഇ-പാസ്പോർട്ടുകൾ ലഭ്യമായിട്ടുള്ളത്. 2025ന്റെ പകുതിയോടെ എല്ലാ പാസ്പോർട്ട് സേവാകേന്ദ്രങ്ങളിലും ഇ-പാസ്പോർട്ട് എത്തും. അതേസമയം, സാധാരണ പാസ്പോർട്ട് ഉപയോഗിക്കുന്നവർക്ക് തുടർന്നും അത് കാലാവധി കഴിയുന്നത് വരെ ഉപയോഗിക്കാമെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി.