അടിമുടി ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറാനൊരുങ്ങി കെഎസ്ആർടിസി. ചില്ലറയും കറൻസി നോട്ടുമില്ലെങ്കിലും ഇനി ധൈര്യമായി കെഎസ്ആർടിസി ബസിൽ കറയാം. രാജ്യത്ത് ഉപയോഗത്തിലുള്ള എല്ലാ ഓൺലൈൻ പണമിടപാട് സംവിധാനങ്ങളിലൂടെയും ബസിൽ ടിക്കറ്റ് എടുക്കാനാകും.
തിരുവനന്തപുരം, കൊല്ലം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ 40 ഡിപ്പോകളിൽ ലൈവ് ടിക്കറ്റിങ് സാധ്യമാകുന്ന പുതിയ ടിക്കറ്റ് മെഷീൻ വിതരണം ചെയ്തു. രണ്ടുമാസത്തിനുള്ളിൽ സംസ്ഥാനത്തെ മുഴുവൻ ഡിപ്പോകളിലേക്കും പുതിയ ടിക്കറ്റ് മെഷീനുകൾ എത്തും. ഇതോടുകൂടിയാണ് ഡിജിറ്റൽ പണം ഇടപാടും കെഎസ്ആർടിസിയിൽ സാധ്യമാവുക. രാജ്യത്തെ ഏത് ഡിജിറ്റൽ പണമിടപാട് ആപ്പ് ഉപയോഗിച്ചു ഇനി കെഎസ്ആർടിസിയിൽ ടിക്കറ്റ് എടുക്കാം.
ടിക്കറ്റ് ബുക്കിങ്ങിനും ബസ്സുമായി ബന്ധപ്പെട്ട് വിവരങ്ങൾ അറിയുന്നതിനും ആയി പുതിയ ആപ്പ് കൂടി കെഎസ്ആർടിസി പുറത്തിറക്കുകയാണ്. ഡിജിറ്റലൈസേഷൻ ഈ മാസം അവസാനത്തോടുകൂടി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുമെന്നും ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ പറഞ്ഞു.
ചലോ എന്ന കമ്പനിയുടെ ടിക്കറ്റ് മെഷീനും അനുബന്ധ ഓൺലൈൻ സംവിധാനവുമാണ് കോർപറേഷൻ വാടകയ്ക്ക് എടുക്കുന്നത്. ടിക്കറ്റ് മെഷീനുകൾ, ഓൺലൈൻ, ഡിജിറ്റൽ പണമിടപാട് ഗേറ്റ്വേ, സെർവറുകൾ, ഇന്റർനെറ്റ് സൗകര്യം, ഡിപ്പോകളിലെ കമ്പ്യൂട്ടറുകൾ, ബസുകളിലെ ജിപിഎസ് സംവിധാനം, കൺട്രോൾ റൂമുകൾ എന്നിവയെല്ലാം കമ്പനി നൽകണം. മെഷീനുകളുടെയും ഓൺലൈൻ സംവിധാനത്തിന്റെയും പരിപാലനവും കരാർ കമ്പനിയുടെ ചുമതലയാണ്.