ചിലർക്ക് യമനിൽ പോകാൻ അനുവാദം നൽകാറുണ്ടെന്ന് കേന്ദ്രം; കോടതിയുടെ കരുണയിലാണ് നിമിഷയുടെ ജീവിതമെന്ന് അമ്മ

news image
Dec 4, 2023, 10:06 am GMT+0000 payyolionline.in

ദില്ലി: ദില്ലി ഹൈക്കോടതിയിൽ ഹർജി നൽകി യെമനിൽ വധശിക്ഷ കാത്ത് ജയിലിൽ കഴിയുന്ന മലയാളി യുവതി നിമിഷപ്രിയയുടെ അമ്മ. കോടതിയുടെ കരുണയിലാണ് നിമിഷയുടെ ജീവിതമെന്ന് അമ്മ ​ഹർജിയിൽ പറയുന്നു. യമനിൽ സൗകര്യം ഒരുക്കാൻ തയ്യാറായവരുടെ പട്ടിക കോടതിക്ക് കൈമാറി. യമൻ യാത്രക്ക് അനുമതി നിഷേധിച്ച കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ നടപടി ചോദ്യം ചെയ്താണ് അമ്മയുടെ ഹർജി. യെമനിൽ മകളെ സന്ദര്‍ശിക്കാൻ കോടതിയുടെ ഭാഗത്ത് നിന്ന് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടാണ് ഹർജി സമര്‍പ്പിച്ചിരിക്കുന്നത്. അഭിഭാഷകൻ കെ.ആർ സുഭാഷ് ചന്ദ്രനാണ് നിമിഷയുടെ അമ്മയ്ക്കായി കോടതിയിൽ ഹാജരായത്.

യമനിൽ സൗകര്യം ഒരുക്കാൻ തയ്യാറായവരുടെ പട്ടിക കോടതിക്ക് കൈമാറിയിട്ടുണ്ട്. ഇവരോട് സത്യവാങ്മൂലം സമർപ്പിക്കാൻ ഹൈക്കോടതി നിർദ്ദേശം നൽകി. നേരത്തെ യമനിൽ ജോലി ചെയ്ത ഇന്ത്യക്കാരാണ് പട്ടികയിലുള്ളവർ. കേസ് തിങ്കളാഴ്ച്ച വീണ്ടും പരിഗണിക്കും. അതേസമയം, ഹർജിയുടെ അടിസ്ഥാനത്തിൽ പ്രതികരണവുമായി കേന്ദ്രം രം​ഗത്തെത്തി. ചിലർക്ക് യമനിൽ പോകാൻ അനുവാദം നൽകാറുണ്ടെന്ന് കേന്ദ്രം കോടതിയിൽ അറിയിച്ചു.

നിമിഷപ്രിയയുടെ കുടുംബം യെമെന്‍ സന്ദര്‍ശിച്ചാല്‍ അവിടെ സൗകര്യങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാരിന് സാധിക്കില്ലെന്ന്‌ വിദേശകാര്യ മന്ത്രാലയത്തിലെ ഡയറക്ടര്‍ തനുജ് ശങ്കര്‍, പ്രേമകുമാരിക്ക് കൈമാറിയ കത്തില്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ നിമിഷപ്രിയയുടെ കേസില്‍ സാധ്യമായ നടപടികള്‍ എല്ലാം ചെയ്യുന്നുണ്ടെന്നും കേന്ദ്രം പ്രേമകുമാരിക്ക് കൈമാറിയ കത്തില്‍ വിശദീകരിച്ചിട്ടുണ്ട്. വധശിക്ഷയ്‌ക്കെതിരെ നിമിഷപ്രിയ നല്‍കിയ അപ്പീല്‍ നവംബര്‍ 13-ന് യമനിലെ സുപ്രീം കോടതി തള്ളിയിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe