ചുമമരുന്ന് ദുരന്തം: മധ്യപ്രദേശിൽ മരണം 20 ആയി; വൃക്ക തകരാറിലായി അഞ്ച് കുട്ടികൾ

news image
Oct 8, 2025, 5:08 am GMT+0000 payyolionline.in

ഭോപ്പാല്‍: മധ്യപ്രദേശില്‍ ചുമമരുന്ന് കഴിച്ച് മരിച്ച കുട്ടികളുടെ എണ്ണം 20 ആയി. മരുന്ന് ഉപയോഗിച്ചത് കാരണം വൃക്ക തകരാറിലായ അഞ്ച് കുട്ടികൾ നാഗ്പൂരിലെ ഗവ. മെഡിക്കൽ കോളജ്, എയിംസ്, സ്വകാര്യ ആശുപത്രി എന്നിവടങ്ങളിലായി ചികിത്സയിലാണ്.

മരിച്ച 20 കുട്ടികളില്‍ 16 പേര്‍ ഛിൻദ്വാര സ്വദേശികളാണ്. ശേഷിച്ചവർ ബേത്തൂല്‍, പാണ്ഡൂര്‍ന ജില്ലയില്‍ നിന്നുള്ളവരുമാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിലാണ് രണ്ട് മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. നാഗ്പൂർ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന രണ്ടര വയസ്സുകാരി ദാനി ദെഹാരിയ തിങ്കളാഴ്ച മരിച്ചവരിൽ ഒരാളാണ്.

ചുമമരുന്ന് കഴിച്ച ശേഷം കുട്ടിയുടെ ശാരീരികാവസ്ഥ വഷളാവുകയും കിഡ്നിയെ ബാധിക്കുകയുമായിരുന്നുവെന്ന് ബന്ധുക്കൾ അറിയിച്ചു.

ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന കുട്ടികളെ മുഖ്യമന്ത്രി മോഹൻ യാദവ് സന്ദർശിച്ചു. ഇവര്‍ക്ക് മെച്ചപ്പെട്ട ചികിത്സയും സാമ്പത്തിക സുരക്ഷിതത്വവും ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകി.

തമിഴ്നാട് കാഞ്ചീപുരതെത ശ്രീസൻ ഫാർമസ്യൂട്ടിക്കൽസ് നിർമിച്ച കോൾഡ്രിഫ് എന്ന ചുമമരുന്നാണ് കുരുന്നുകളുടെ ജീവനെടുത്തത്. മരുന്ന് കമ്പനി ഉടമക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് മധ്യപ്രദേശ് ഉപമുഖ്യമന്ത്രി വ്യക്തമാക്കി. ഏറ്റവും കൂടുതൽ മരുന്ന് വിതരണം ചെയ്ത ഛിൻദ്വാരയിൽ നിന്ന് 600ഓളം ബോട്ടിലുകൾ കണ്ടെത്താനുണ്ട്. ആശ വർക്കർമാരും അംഗൻവാടി ജീവനക്കാരും വഴി വീടുകൾ കയറിയിറങ്ങി നടത്തുന്ന പരിശോധനയിലൂടെ ഇതിനകം 443 മരുന്ന് കുപ്പികൾ കണ്ടെത്തിയതായി ഉപ മുഖ്യമന്ത്രി രാജേന്ദ്ര ശുക്ല അറിയിച്ചു. പ്രദേശത്ത് പ്രവർത്തിക്കുന്ന ഡോ. പ്രവീൺ സോണിയാണ് കുട്ടികൾക്ക് മരുന്ന് കുറിച്ചു നൽകിയത്. ഇയാളെ കഴിഞ്ഞയാഴ്ച തന്നെ അറസ്റ്റു ചെയ്തിരുന്നു.

പനി, കഫക്കെട്ട് ബുദ്ധിമുട്ടിനെത്തുടര്‍ന്ന് കോള്‍ഡ്രിഫ് കഫ്‌സിറപ്പ് കഴിച്ചതു കാരണം സെപ്തംബര്‍ രണ്ടിനാണ് ആദ്യമരണം റിപ്പോര്‍ട്ട് ചെയ്തത്.

കുട്ടികള്‍ കഴിച്ച കോള്‍ഡ്രിഫ് കഫ്‌സിറപ്പില്‍ ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്കിടയാക്കുന്ന ഡൈത്തലീന്‍ ഗ്ലൈക്കോള്‍ 45 ശതമാനം അടങ്ങിയിട്ടുണ്ടെന്ന് പരിശോധനയില്‍ കണ്ടെത്തിയത്തോടെ മധ്യപ്രദേശ്, രാജസ്ഥാന്‍, തമിഴ്‌നാട്, കേരളം അടക്കം നാല് നാല് സംസ്ഥാനങ്ങളില്‍ കോള്‍ഡ്രിഫ് നിരോധിച്ചിരിക്കുകയാണ്.

സംഭവത്തിന് ഉത്തരവാദികളായ മരുന്ന് കമ്പനിക്കെതിരെ തമിഴ്നാട് ഡ്രഗ് കൺട്രോൾ വിഭാഗം നോട്ടീസ് നൽകിയിരുന്നു. അന്വേഷണം പൂർത്തിയാകും വരെ അടച്ചിടാനും ഉത്തരവായി. പരിശോധനയിൽ ശ്രീസൻ ഫാർമസ്യൂട്ടിക്കൽസിന്റെ നിർമാണ പ്രക്രിയയിൽ 350ലേറെ പിഴവുകൾ കണ്ടെത്തിയിരുന്നു. മരുന്ന് നിർമാണ യൂനിറ്റിൽ അടിസ്ഥാന സൗകര്യങ്ങളോ യോഗ്യതയുള്ള ജീവനക്കാരോ ഉണ്ടായിരുന്നില്ല. വൃത്തിഹീനമായ സാഹചര്യങ്ങൾ, കേടായ ഉപകരണങ്ങൾ എന്നിവ ഗുരുതര വീഴ്ചയാണെന്ന് കണ്ടെത്തി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe