ചൂതാട്ടം സംബന്ധിച്ച പരസ്യങ്ങൾക്കെതിരെ കേന്ദ്ര സർക്കാറിന്റെ ശക്തമായ നടപടി; മാധ്യമ സ്ഥാപനങ്ങൾക്ക് പുതിയ നിർദേശം

news image
Aug 25, 2023, 4:14 pm GMT+0000 payyolionline.in

ന്യൂ ഡൽഹി: വാതുവെപ്പും ചൂതാട്ടവും സംബന്ധിച്ച് ഏത് തരത്തിലുള്ള പരസ്യങ്ങളും പ്രമോഷണൽ ഉള്ളടക്കങ്ങളും കാണിക്കുന്നത് ഉടൻ അവസാനിപ്പിക്കണമെന്ന് കേന്ദ്ര സര്‍ക്കാറിന്റെ നിര്‍ദേശം. മാധ്യമ സ്ഥാപനങ്ങൾ, ഓൺലൈൻ പരസ്യ ഇടനിലക്കാർ, സാമൂഹ്യ മാധ്യമ പ്ലാറ്റ്‌ഫോമുകൾ എന്നിവയുൾപ്പെടെയുള്ള സ്ഥാപനങ്ങള്‍ക്ക് വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ഇന്ന് ഇത് സംബന്ധിച്ചുള്ള അറിയിപ്പ് നല്‍കി. നിർദേശം പാലിക്കുന്നതിൽ വീഴ്ച വരുത്തിയാല്‍ വിവിധ ചട്ടങ്ങൾ പ്രകാരം നടപടി സ്വീകരിക്കുമെന്ന് അറിയിപ്പില്‍ പറയുന്നു.

ചൂതാട്ട, വാതുവയ്പ്പ് പ്ലാറ്റ്‌ഫോമുകളുടെ പരസ്യങ്ങൾ ഉപഭോക്താക്കൾക്ക്, പ്രത്യേകിച്ച് യുവാക്കൾക്കും കുട്ടികൾക്കും, കാര്യമായ സാമൂഹിക – സാമ്പത്തിക അപകട സാധ്യതകൾ സൃഷ്ടിക്കുന്നതായി മന്ത്രാലയം  വ്യക്തമാക്കി. ചൂതാട്ട ആപ്പുകളുടെ ഉപയോക്താക്കളിൽ നിന്ന് പണം ശേഖരിച്ച ഏജന്റുമാര്‍ക്കെതിരെ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളും ഇതോടൊപ്പം വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം ധനശേഖരണങ്ങള്‍ക്ക് കള്ളപ്പണം വെളുപ്പിക്കൽ ശൃംഖലകളുമായി ബന്ധമുണ്ടെന്നും അതുവഴി രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്ക് ഭീഷണിയാണെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിക്കുന്നു.

ചൂതാട്ട പരസ്യങ്ങൾക്ക് പണം നൽകുന്നതിന് കള്ളപ്പണം ഉപയോഗിക്കാനുള്ള സാധ്യതയും മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു. ക്രിക്കറ്റ് ടൂർണമെന്റുകൾ ഉൾപ്പെടെയുള്ള പ്രധാന കായിക മത്സരങ്ങളിൽ വാതുവെപ്പ്, ചൂതാട്ട പ്ലാറ്റ്‌ഫോമുകളുടെ പ്രോത്സാഹനം വർദ്ധിപ്പിക്കുന്ന പ്രവണതയുണ്ടെന്നും മന്ത്രാലയം നിരീക്ഷിച്ചു.

വാതുവെപ്പ്, ചൂതാട്ട പ്ലാറ്റ്‌ഫോമുകളുടെ പരസ്യo നൽകുന്നതിനെതിരെ മാധ്യമങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ഇന്ത്യൻ പ്രേക്ഷകർക്ക് വേണ്ടി ഇത്തരം പരസ്യങ്ങൾ നൽകരുതെന്ന് ഓൺലൈൻ പരസ്യദാതാക്കള്‍ക്കും നിര്‍ദേശം നല്‍കി. വാതുവെപ്പും ചൂതാട്ടവും നിയമവിരുദ്ധമായ പ്രവർത്തനമാണെന്നും അതിനാൽ ഏതെങ്കിലും മാധ്യമ പ്ലാറ്റ്‌ഫോമുകളിൽ നേരിട്ടോ അല്ലാതെയോ അത്തരം കാര്യങ്ങളുടെ പരസ്യങ്ങളും പ്രമോഷനും നടത്തുന്നത് ഉപഭോക്തൃ സംരക്ഷണ നിയമവും പ്രസ് കൗൺസിൽ ആക്ടും ഉൾപ്പെടെയുള്ള വിവിധ ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് നിർദേശത്തിൽ ചൂണ്ടിക്കാട്ടുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe