വയനാട് : നാളെ നടക്കുന്ന വയനാട് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചൂരൽമല-മുണ്ടക്കൈ ദുരന്തത്തെ അതിജീവിച്ചവർക്ക് സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിനായി പ്രത്യേക ബൂത്തുകൾ സജ്ജീകരിച്ചു. മേപ്പാടി ജിഎച്ച്എസ്എസിലെ 168-ാം നമ്പർ ബൂത്തിലും നീലിക്കാപ്പിലെ സെന്റ് സെബാസ്റ്റ്യൻ ചർച്ചിന്റെ പാരിഷ്ഹാളിൽ സജ്ജീകരിച്ചിട്ടുള്ള 167, 169 ബൂത്തുകളുമാണ് ദുരന്തബാധിതർ സമ്മതിദാനാവകാശം നിർവഹിക്കുക. ബൂത്തുകൾ ഒരുക്കങ്ങൾ പൂർത്തിയാക്കി തെരഞ്ഞെടുപ്പിന് സജ്ജമായി.
താൽക്കാലിക പുനരധിവാസത്തിന്റെ ഭാഗമായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കഴിയുന്ന 1168 പേർക്കാണ് മേപ്പാടിയിൽ വോട്ടു ചെയ്യാൻ സൗകര്യം ഒരുക്കിയത്. ഇതിൽ 605 സ്ത്രീകൾളും 563 പുരുഷൻമാരുമാണുള്ളത്. നീലിക്കാപ്പിലെ 167-ാം നമ്പർ ബൂത്തിൽ 509 പുരുഷന്മാരും 539 സ്ത്രീകളുമടക്കം 1048 വോട്ടർമാർക്ക് സമ്മതിദാനാവകാശം വിനിയോഗിക്കാം.169-ാം നമ്പർ ബൂത്തിൽ 627 പുരുഷന്മാരും 617 സ്ത്രീകളുമടക്കം 1244 പേർക്ക് വോട്ടുചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. പുനരധിവാസ കേന്ദ്രങ്ങളിൽ താമസിക്കുന്നവർക്ക് ബൂത്തുകളിലെത്താനും തിരികെ പോകാനുമായി സൗജന്യ വാഹനസൗകര്യവും സജ്ജമാക്കിയിട്ടുണ്ട്. കെഎസ്ആർടിസിയുമായി സഹകരിച്ചാണ് ദുരന്തബാധിതർക്ക് യാത്രാ സൗകര്യം ഒരുക്കിയിരിക്കുന്നത്. ബൂത്തുകളിൽ കർശന ഹരിത പെരുമാറ്റ ചട്ടം നടപ്പാക്കിയിട്ടുണ്ട്.