ചെക്ക് ഇടപാടുകള്‍ ഇനി വേഗത്തില്‍: മണിക്കൂറുകള്‍ക്കകം പണം അക്കൗണ്ടിലെത്തും

news image
Aug 14, 2025, 1:58 pm GMT+0000 payyolionline.in

ചെക്ക് പണമാക്കി മാറ്റാന്‍ ഇനി എളുപ്പത്തില്‍ കഴിയും. നിലവില്‍ രണ്ടു ദിവസംവരെ കാത്തിരിക്കേണ്ട സാഹചര്യമാണ് റിസര്‍വ് ബാങ്കിന്റെ പരിഷ്‌കാരത്തിലൂടെ മാറ്റംവരുന്നത്. ഒക്ടോബര്‍ നാല് മുതല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ചെക്ക് ക്ലിയറിങ് സാധ്യമാകും.

ഘട്ടംഘട്ടമായാണ് ക്ലിയറിങ് സംവിധാനം നടപ്പാക്കുന്നത്. ഒന്നാം ഘട്ടം ഒക്ടബോര്‍ നാല് മുതല്‍ നിലവില്‍വരും. രാവിലെ പത്ത് മുതല്‍ വൈകുന്നേരം നാല് വരെ തുടര്‍ച്ചയായി ചെക്കുകള്‍ സ്‌കാന്‍ ചെയ്യും. പണംനല്‍കേണ്ട ബാങ്കുകള്‍ വൈകുന്നേരം ഏഴ് മണിക്കുള്ളില്‍ ചെക്കുകള്‍ സ്ഥിരീകരിക്കണം. അല്ലെങ്കില്‍ രാത്രിതന്നെ പണം അക്കൗണ്ട് ഉടമയ്ക്ക് ഓട്ടാമാറ്റിക് ആയി കൈമാറും.

രണ്ടാം ഘട്ടം 2026 ജനുവരി മൂന്ന് മുതലാണ് നടപ്പാക്കുക. ചെക്കുകള്‍ ലഭിച്ചാല്‍ മൂന്ന് മണിക്കൂറിനകം സ്ഥിരീകരിക്കണം. തിട്ടപ്പെടുത്തലിന് ശേഷം ഒരു മണിക്കൂറിനുള്ളില്‍ പണം അക്കൗണ്ടിലെയ്ക്ക് കൈമാറും.

പണം നല്‍കേണ്ട ബാങ്കുകള്‍ മൂന്ന് മണിക്കൂറിനുള്ളില്‍ സ്ഥിരീകരിക്കാത്ത ചെക്കുകള്‍ അംഗീകരിച്ചതായി കണക്കാക്കുകയും ഉച്ചയ്ക്ക് രണ്ട് മണിക്കുള്ള സെറ്റില്‍മെന്റില്‍ ഉള്‍പ്പെടുത്തുകയും ചെയ്യും. ചെക്ക് ട്രന്‍കേഷന്‍ സിസ്റ്റത്തില്‍ സമഗ്രമായ പരിഷ്‌കരണമാണ് റിസര്‍വ് ബാങ്ക് ലക്ഷ്യമിടുന്നത്.

 

അക്കൗണ്ട് ഉടമകള്ക്ക് നേട്ടം

ഇലക്ട്രോണിക് പണമിടപാടുകള്‍ക്ക് സമാനമായി ചെക്ക് വഴിയുള്ള പണവും വേഗത്തില്‍ അക്കൗണ്ടിലെത്തുമെന്നതാണ് ഉപഭോക്താക്കള്‍ക്കുള്ള നേട്ടം. അതേ ദിവസം പണം ലഭിക്കുമോയെന്ന ആശങ്കക്ക് അടിസ്ഥാനമില്ലാതാകും.

പണം നല്‍കേണ്ട ബാങ്കുകള്‍ സമയ പരിധിക്കുള്ളില്‍ തീരുമാനമെടുത്തില്ലെങ്കില്‍ ചെക്ക് ക്ലിയര്‍ ചെയ്തതായി കണക്കാക്കും. കാലതാമസം കാരണം പണം തടഞ്ഞുവെയ്ക്കാന്‍ ഇനി കഴിയില്ല.

വേഗത്തില്‍ പണം കൈമാറുന്നതിനാല്‍ ഉപഭോക്താക്കള്‍ക്കും ബാങ്കുകള്‍ക്കുമുണ്ടാകുന്ന നഷ്ടസാധ്യത കുറയുന്നു.

ബാങ്ക് ശാഖകളില്‍ ലഭിക്കുന്ന ചെക്കുകള്‍ ഉടനടി സ്‌കാന്‍ ചെയ്ത് ക്ലിയറിങ് ഹൗസിലേയ്ക്ക് തുടര്‍ച്ചയായി അയച്ചുകൊണ്ടിരിക്കണമെന്നാണ് ആര്‍ബിഐയുടെ നിര്‍ദേശം.

 

ശ്രദ്ധിക്കേണ്ട കാര്യങ്ങള്

ഒക്ടോബര്‍ നാലിന് ശേഷമുള്ള മാറ്റങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കുക.വൈകുന്നേരം നാലുമണിക്ക് മുമ്പ് ചെക്ക് നല്‍കുകയാണെങ്കില്‍ അന്ന് വൈകുന്നേരത്തോടെ സ്ഥിരീകരണമോ സെറ്റില്‍മെന്റോ പ്രതീക്ഷിക്കാം.ജനുവരി മുതല്‍ മൂന്നു മണിക്കൂറിനുള്ളില്‍ ക്ലിയറിങ് നടക്കും. അടുത്ത ഒരു മണിക്കൂറിനകം ബാങ്കുകള്‍ പണം അക്കൗണ്ടില്‍ ക്രെഡിറ്റ് ചെയ്യുകയും വേണം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe