പാലക്കാട്: മൃഗസംരക്ഷണ വകുപ്പിന്റെ അതിർത്തി ചെക്പോസ്റ്റുകളിൽ പരിശോധന പ്രസഹനം. കൈക്കൂലി വാങ്ങി പരിശോധന നടത്താതെ വാഹനങ്ങൾ കടത്തവിടുന്നതായി വിജിലൻസ് കണ്ടെത്തി.
വാളയാർ അതിർത്തി ചെക്പോസ്റ്റിൽ വിജിലൻസ് നടത്തിയ മിന്നൽ റെയ്ഡിൽ 4000 രൂപയോളം കൈക്കൂലിപ്പണം പിടിച്ചെടുത്തു. കേരളത്തിലേക്ക് കടത്തുന്ന കന്നുകാലികളുടെ പ്രതിരോധ കുത്തിവെപ്പ്, പകർച്ചവ്യാധി എന്നിവ സംബന്ധിച്ച ഒരു പരിശോധനയും നടത്താതെ കൈക്കൂലി വാങ്ങി വാഹനങ്ങൾ കടത്തിവിടുന്നതായി കണ്ടെത്തി. ചെക്പോസ്റ്റുകളിലെ ഉദ്യോഗസ്ഥരും കന്നുകാലി കടത്തുകാരനും തമ്മിൽ പണസംബന്ധമായ ബാങ്ക് ഇടപാടുകളുണ്ടെന്ന് പരിശോധനയിൽ വ്യക്തമായി.
കോഴിമുട്ടയും കോഴിക്കുഞ്ഞുങ്ങളും കടത്തിക്കൊണ്ടു വരുമ്പോൾ നൽകേണ്ട ഫീസ് കൈക്കൂലി കൈപ്പറ്റി കുറച്ചുനൽകുന്നതും ശ്രദ്ധയിൽപ്പെട്ടു. ക്രമക്കേടുകൾക്ക് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടിക്കുള്ള ശിപാർശ വിജിലൻസ് ഡയറക്ടർക്ക് സമർപ്പിക്കുമെന്ന് വിജിലൻസ് ഡിവൈ.എസ്.പി പറഞ്ഞു.
ബുധനാഴ്ച അർധരാത്രി പാലക്കാട് വിജിലൻസ് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ നാല് സംഘങ്ങളായാണ് പരിശോധന നടത്തിയത്.
