ചെങ്കോട്ട സ്ഫോടനം; ഉമർ നബിയുടെ ചുവന്ന കാര്‍ കണ്ടെത്തി, രജിസ്റ്റർ ചെയ്തിരുന്നത് വ്യാജ വിലാസത്തിൽ

news image
Nov 12, 2025, 2:46 pm GMT+0000 payyolionline.in

ദില്ലി: ദില്ലിയിലെ ചെങ്കോട്ട സ്ഫോടനത്തിലെ പ്രതികള്‍ ഉപയോഗിച്ചിരുന്ന രണ്ടാമത്തെ കാർ കണ്ടെത്തി. ചുവന്ന എക്കോ സ്പോർട്ട് കാറാണ് കണ്ടെത്തിയത്. ഫരീദാബാദ് പൊലീസാണ് വാഹനം പിടികൂടിയത്. DL 10 CK 0458 എന്ന നമ്പർ കാറാണ് പൊലീസ് കണ്ടെത്തിയത്. ഖണ്ഡവാലി ഗ്രാമത്തിൽ പാർക്ക് ചെയ്തിരുന്ന നിലയിലായിരുന്നു കാർ. അതേസമയം, സ്ഫോടനത്തിന്‍റെ പശ്ചാത്തലത്തില്‍ ദില്ലി നഗരത്തിൽ ഉടനീളം ജാഗ്രത നിർദ്ദേശം നല്‍കിയിരിക്കുകയാണ് പൊലീസ്. സ്ഫോടനത്തിന് ഉപയോഗിച്ച ഹ്യുണ്ടായി ഐ20 കാറിന് പുറമേ രണ്ട് കാറുകൾ കൂടി ഉമറും മുസമിലും വാങ്ങിയതായാണ് പൊലീസിന്‍റെ കണ്ടെത്തല്‍. വ്യാജ വിലാസത്തിലാണ് ഈ കാർ രജിസ്റ്റർ ചെയ്തിരുന്നത്. രണ്ടാമത്തെ കാർ രജിസ്റ്റർ ചെയ്തിരുന്നത് ദില്ലി ന്യൂ സീലംപൂരിലെ ഒരു വിലാസത്തിലാണ്. പൊലീസ് ഇവിടെയെത്തി പരിശോധന നടത്തി. വ്യാജ രേഖകൾ നൽകി വാഹനം രജിസ്റ്റർ ചെയ്തുവെന്നാണ് പൊലീസിന്റെ നിഗമനം. രേഖകൾ പ്രകാരം ഡോക്ടർ ഉമർ നബി എന്നയാളുടെ പേരിലാണ് വാഹനം രജിസ്റ്റർ ചെയ്തിരിക്കുന്നത്.

നേരത്തെയും ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതായി കണ്ടെത്തൽ

രാജ്യസുരക്ഷയെ വെല്ലുവിളിച്ച ദില്ലി ചെങ്കോട്ട സ്ഫോടനത്തിന്റെ ചുരുളഴിക്കാനുള്ള അന്വേഷണത്തിലാണ് എൻഐഎ. സ്ഫോടനത്തിനിടെ കൊല്ലപ്പെട്ട ഉമർ നബിയും കൂട്ടാളികളും നേരത്തെയും ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി. റിപ്പബ്ലിക് ദിനാഘോഷങ്ങൾക്കിടയിലോ ദീപാവലിക്കോ ആക്രമണം നടത്താനായിരുന്നു നീക്കം. ഉമറും അറസ്റ്റിലായ മുസ്‌മിൽ ഷക്കീലും കഴിഞ്ഞ ജനുവരിയിൽ ചെങ്കോട്ട സന്ദര്‍ശിച്ചിരുന്നു. മുസ്‌മിലിന്റെ ഫോൺ പരിശോധിച്ചതിൽ നിന്ന് ചാന്ദ്നി ചൗക്കിലും ജമാ മസ്ജിദിലും ഇവര്‍ എത്തിയതായി കണ്ടെത്തി. ദിപാവലി പോലുള്ള ആഘോഷവസരങ്ങളില്‍ ആക്രമണം നടത്താനായിരുന്നു ഇവരുടെ പദ്ധതിയെന്നാണ് സൂചന. ആക്രമണത്തിനായി ഭീകരർ വാങ്ങിയ മറ്റ് വാഹനങ്ങൾക്കായി സുരക്ഷാ ഏജൻസികൾ തെരച്ചിൽ ഊർജിതമാക്കി. സ്ഫോടനത്തിന് ഉപയോഗിച്ച കാർ കൂടാതെ മറ്റു രണ്ട് വാഹനങ്ങൾ കൂടി ഭീകരര്‍ വാങ്ങിയതായും വിവരം ലഭിച്ചു.

സംഭവദിവസം ഉമർ പതിനൊന്ന് മണിക്കൂർ ദില്ലിയിലുണ്ടായിരുന്നുവെന്ന് സ്ഥിരീകരിച്ചു. ഫരീദാബാദിലെ അറസ്റ്റുകൾ അറിഞ്ഞ ഇയാൾ പരിഭ്രാന്തിയിലായി. ഇല്ലെങ്കിൽ ഇതിലും വലിയ ആക്രമണത്തിന് സാധ്യതയുണ്ടായിരുന്നു എന്നുമാണ് വിലയിരുത്തൽ. ഇതിനിടെ, ഭൂട്ടാനില്‍ നിന്നും മടങ്ങിയെത്തിയ പ്രധാനമന്ത്രി എല്‍ എന്‍ ജെപി ആശൂപത്രിയിലെത്തി പരിക്കേറ്റവരെ സന്ദര്‍ശിച്ചു. ചികിത്സാവിവരങ്ങള്‍ ആരാഞ്ഞ മോദി ഇരുപത് മിനിറ്റോളം ആശുപത്രിയില്‍ ചെലവഴിച്ചു. കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe