ചെങ്ങന്നൂർ–പമ്പ 45 മിനിറ്റ്; ആകാശ പാതയ്ക്കു മുൻഗണന നൽകി റെയിൽവേ

news image
Jul 15, 2023, 4:39 am GMT+0000 payyolionline.in

പത്തനംതിട്ട ∙ നിർദിഷ്ട ചെങ്ങന്നൂർ–പമ്പ ആകാശ റെയിൽപാതയ്ക്കു റെയിൽവേ ബോർഡ് മുൻഗണന നൽകുന്നതു ഭാവിയിലുണ്ടാകുന്ന തീർഥാടക തിരക്കു പരിഗണിച്ച്. സീസണിൽ 2 കോടി തീർഥാടകരാണു ശബരിമലയിൽ എത്തുന്നത്. വരും വർഷങ്ങളിൽ എണ്ണം കൂടുമ്പോൾ കൈകാര്യം ചെയ്യാൻ കഴിയുന്ന ഗതാഗത സൗകര്യം ഒരുക്കാനാണു ശ്രമം. 76 കിലോമീറ്റർ ദൈർഘ്യമുള്ള വേഗപാത മെട്രോ മാതൃകയിൽ തൂണുകളിലൂടെയാകും. പദ്ധതിയുടെ അന്തിമ ലൊക്കേഷൻ സർവേ അവസാന ഘട്ടത്തിലാണ്.

പാതയുടെ ഭാഗമായി നിലയ്ക്കൽ ഭാഗത്തു തുരങ്കവും പരിഗണിക്കുന്നുണ്ട്. മണിക്കൂറിൽ 160 കിലോമീറ്ററായിരിക്കും പരമാവധി വേഗം. ബ്രോഡ്ഗേജ് ഇരട്ടപ്പാതയാണു ശുപാർശ ചെയ്തിരിക്കുന്നത്. 8 കോച്ചുകളുള്ള വന്ദേ മെട്രോ ട്രെയിനുകളാണ് ഇതിൽ ഓടിക്കുക. ഓട്ടമാറ്റിക് സിഗ്‌നലിങ്ങുള്ള പാതയിൽ മിനിറ്റുകളുടെ ഇടവേളയിൽ ഇരുദിശയിലും ട്രെയിൻ ഓടിക്കാൻ കഴിയും.

ശബരിമല തീർഥാടകരിലേറെയും ആന്ധ്ര, തെലങ്കാന, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ നിന്ന് ട്രെയിനിൽ എത്തുന്നവരാണ്. കഴിഞ്ഞ സീസണിൽ സ്പെഷൽ ട്രെയിനുകൾ ഉപയോഗിച്ച് 292 ട്രിപ്പുകളാണു റെയിൽവേ ഓടിച്ചത്. ചെങ്ങന്നൂരിലിറങ്ങുന്ന തീർഥാടകർക്കു വേഗ പാതയിലൂടെ 45 മിനിറ്റ് കൊണ്ടു പമ്പയിലെത്താൻ കഴിയും. പമ്പയുടെ തീരത്തു കൂടിയുള്ള പദ്ധതിയാണ് ആദ്യം വിഭാവനം ചെയ്തിരുന്നതെങ്കിലും സർവേ പൂർത്തിയാകുമ്പോൾ അലൈൻമെന്റിൽ മാറ്റം വരും.

വളവുകൾ ഒഴിവാക്കാനായി ഭൂമിയേറ്റെടുക്കേണ്ടി വരും. ഒക്ടോബറിൽ സർവേ റിപ്പോർട്ട് ലഭിക്കുന്നതോടെ ഇതിൽ വ്യക്തത വരും. റെയിൽവേയുടെ ചെലവിൽ നിർമിക്കുമെന്നതിനാൽ സംസ്ഥാന സർക്കാരിന് ബാധ്യതയില്ല. 9000 കോടി രൂപയാണു ചെലവു പ്രതീക്ഷിക്കുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe