കേരള മനസാക്ഷിയെ ഞെട്ടിച്ച പോത്തുണ്ടി സജിത കൊലക്കേസിലെ പ്രതി ചെന്താമരയ്ക്ക് ഇരട്ട ജീവപര്യന്തം. ചൊവ്വാഴ്ച പ്രതി കുറ്റകാരനാണെന്ന് പാലക്കാട് നാലാം അഡീഷ്ണൽ സെഷൻസ് കോടതി കണ്ടെത്തിയിരുന്നു. തുടർന്ന് നടന്ന വാദത്തിന് ശേഷമാണ് ശിക്ഷ വിധിക്കുന്നത്. പ്രതിക്ക് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ വാദിച്ചിരുന്നു. കേസിന് പിന്നാലെ നടന്ന ഇരട്ട കൊലയും കോടതിയെ അറിയിച്ച് കൊണ്ടായിരുന്നു പ്രോസിക്യൂഷൻ്റെ വാദം. എന്നാൽ ശിക്ഷയിൽ ഇളവ് വേണമെന്ന് വാദിച്ച പ്രതിഭാഗം ഇരട്ടക്കൊലപാതകം ഈ കേസുമായി കൂട്ടിക്കെട്ടരുതെന്നും കോടതിയെ അറിയിച്ചു.
2019 ആഗസ്റ്റ് 31നായിരുന്നു സജിതയെ അയൽവാസിയായ ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. ജാമ്യത്തിൽ ഇറങ്ങിയ പ്രതി ചെന്താമര സജിതയുടെ ഭർത്താവ് സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തിയിരുന്നു. പ്രതിയുടെ മാനസിക നില ഭദ്രമാണെന്നും കോടതി നിരീക്ഷിച്ചു. സ്വഭാവം മാറുമെന്നോ നല്ലവനാകുമെന്നോ പ്രതീക്ഷയില്ലെന്നും കോടതി വിധിയില്‍ പറഞ്ഞു.
ഇരട്ട ജീവപര്യന്തത്തിനൊപ്പം മൂന്നേകാല്‍ ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. സജിതയുടെ മക്കൾക്ക് നഷ്ടപരിഹാരം നൽകണമെന്നും വിധിയില്‍ പറയുന്നു. പ്രതിക്ക് പരോൾ കൊടുക്കേണ്ട സാഹചര്യം വന്നാൽ സാക്ഷികളുടെ സംരക്ഷണം ഉറപ്പാക്കണമെന്നും കോടതി പറഞ്ഞിട്ടുണ്ട്.