ചെന്നൈയിൽ മേഘവിസ്ഫോടനം! ഒരു മണിക്കൂറില്‍ പെരുമഴ; അപ്രതീക്ഷിതം, ഞെട്ടൽ

news image
Aug 31, 2025, 7:29 am GMT+0000 payyolionline.in

കുറച്ചുദിവസങ്ങളായി ചൂടിൽ വലഞ്ഞ ചെന്നൈയ്ക്ക് ശനിയാഴ്ച രാത്രി ലഭിച്ചത് അപ്രതീക്ഷിത മഴ. രാത്രി 11ഓടെയാണ് ചെന്നൈയിലെ വിവിധ ഇടങ്ങളിൽ മേഘവിസ്ഫോടനത്തിന് സമാനമായ മഴ പെയ്തത്. ഒരു മണിക്കൂറിനുള്ളിൽ 100 മില്ലിമീറ്റർ മഴയാണ് പലയിടത്തും പെയ്തത്. 24 മണിക്കൂറിനിടെ നുങ്കപാക്കത്ത് 81.9 മില്ലിമീറ്ററും എസിഎസ്മെഡിക്കൽ കോളജ് മേഖലയിൽ 97.5 മില്ലിമീറ്റർ മഴയും രേഖപ്പെടുത്തി. വിളിവാക്കം 81, ചെമ്പറംപാക്കം 76.5, പൂനമല്ലി 70.5 മില്ലിമീറ്റർ മഴയും രേഖപ്പെടുത്തി. വടക്ക്– വടക്ക് പടിഞ്ഞാറ് ഭാഗത്ത് ആരംഭിച്ച മഴ ഇപ്പോൾ തെക്കോട്ട് നീങ്ങിയിരിക്കുകയാണ്.

കേരളത്തിലും കാറ്റ് അനുകൂലമായതിനാൽ വിവിധ ഭാഗങ്ങളിൽ ഇടവിട്ട് മഴ പെയ്യുന്നുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

എന്താണ് മേഘവിസ്ഫോടനം?

ഒരു ചെറിയ കാലയളവിൽ, ചെറിയ ഭൂപ്രദേശത്ത് പെയ്തിറങ്ങുന്ന ശക്തമായ മഴയാണ് മേഘവിസ്ഫോടനം. സാധാരണയായി പർവതപ്രദേശങ്ങളിലാണ് ഇത് സംഭവിക്കുന്നത്. ഇത് പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും കാരണമാകുകയും ചെയ്യും.മേഘങ്ങളിൽ കുമുലോ നിംബസ് മഴമേഘങ്ങളാണ് മേഘവിസ്ഫോടനത്തിന് കാരണമാകുന്നത്. ചൂടുള്ളതും ഈർപ്പമുള്ളതുമായ വായു ഭൗമോപരിതലത്തിൽനിന്ന് അന്തരീക്ഷത്തിന്‍റെ മുകൾത്തട്ടിലേക്ക് ഉയരുകയും തണുത്ത്, കനത്ത മഴയായി പെയ്തിറങ്ങുകയുമാണ് ചെയ്യുന്നത്. ഓറോഗ്രാഫിക് ലിഫ്റ്റ് എന്നാണ് ഈ പ്രക്രിയ അറിയപ്പെടുന്നത്. കുറഞ്ഞ സമയത്തിനുള്ളിൽ വലിയ അളവിൽ മഴ പെയ്യാൻ ഇത് കാരണമാകും. മേഘത്തിനുള്ളിലാകട്ടെ വലിയ ചംക്രമണരീതിയിലുള്ള ശക്തിയേറിയ വായുപ്രവാഹമായിരിക്കും ഉണ്ടായിരിക്കുക. ഇത് മേഘത്തിന്‍റെ നടുഭാഗത്തുകൂടി മുകളിലേക്കുയരുന്നു. ഈ മേഘങ്ങളുടെ താഴെത്തട്ടിൽ ജലകണങ്ങളും മുകളറ്റത്ത്‌ ഐസ് ക്രിസ്റ്റലുകളും ഉണ്ടാകും.

മേഘവിസ്ഫോടനത്തിനൊപ്പം ചിലപ്പോൾ ഇടിമിന്നലോ ആലിപ്പഴ വർഷമോ ഉണ്ടാകാം. ഒരു മണിക്കൂറിനുള്ളിൽ 100 മില്ലിമീറ്ററോ അതിലധികമോ മഴ പെയ്യുന്നതിനെ മേഘവിസ്ഫോടനമായി കണക്കാക്കാവുന്നതാണ്. ഈർപ്പമുള്ള വായുവിനെ പർവതങ്ങൾ വേഗത്തിൽ ഉയരാൻ സഹായിക്കുന്നുണ്ട്. അതിനാലാണ് പൊതുവേ പര്‍വതപ്രദേശങ്ങളില്‍ മേഘവിസ്ഫോടനം കണ്ടുവരുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe