പെഡൽബോട്ടുകൾ, ഏറുമാടം, ഹട്ടുകൾ ; മണിയൂരിൽ ‘ഫാം ടൂറിസം’ പദ്ധതി ഉദ്ഘാടനം ഇന്ന്

news image
Apr 2, 2025, 5:15 am GMT+0000 payyolionline.in

വടകര : വടകരയുടെ നെല്ലറ എന്നറിയപ്പെടുന്ന മണിയൂർ പഞ്ചായത്തിലെ ചെരണ്ടത്തൂർ ചിറ ഫാം ടൂറിസം പദ്ധതിക്കായി ഒരുങ്ങുന്നു. ചിറ കേന്ദ്രീകരിച്ച്‌ നടപ്പാക്കുന്ന ഫാം ടൂറിസം പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം ബുധനാഴ്ച വൈകീട്ട് കെ.പി. കുഞ്ഞമ്മദ്‌കുട്ടി എംഎൽഎ നിർവഹിക്കും.

കുറ്റ്യാടിപ്പുഴയുടെ ഓരത്തായി സ്ഥിതിചെയ്യുന്ന ഈ പ്രദേശത്തിന്റെ ടൂറിസം സാധ്യത പരമാവധി പ്രയോജനപ്പെടുത്തി പ്രകൃതിക്കും നെൽക്കൃഷിക്കും ദോഷംചെയ്യാത്തരീതിയിൽ കർഷകരുടെ താത്‌പര്യംകൂടി പരിഗണിച്ച് ഇക്കോടൂറിസം പദ്ധതി നടപ്പാക്കാനാണ് വിഭാവനംചെയ്യുന്നത്.

ജില്ലാപഞ്ചായത്ത് അനുവദിച്ച 50 ലക്ഷം, എംഎൽഎ ഫണ്ടിൽനിന്ന്‌ 25 ലക്ഷം, പഞ്ചായത്ത് കണ്ടെത്തുന്ന 25 ലക്ഷം എന്നിങ്ങനെ ഒരുകോടി രൂപ ഉപയോഗിച്ചാണ് ഇപ്പോൾ പദ്ധതി നടപ്പാക്കുന്നത്. 150 മീറ്ററിലാണ് ഇപ്പോൾ പ്രവൃത്തിനടത്തുക. ഭാവിയിൽ ഫണ്ട് ലഭ്യമാകുന്നമുറയ്ക്ക് പദ്ധതി വിപുലീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. അഷ്റഫ് പറഞ്ഞു.

നിലവിൽ ചിറയിലേക്ക് പ്രവേശിക്കുന്ന നെല്ലോളിത്താഴ ഭാഗത്താണ് പ്രവൃത്തിനടത്തുക. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് പണിയേറ്റെടുത്തിരിക്കുന്നത്.

ചെരണ്ടത്തൂർ ചിറയിലെ പ്രധാനനടുത്തോടിലെ വരമ്പുകൾ കയർഭൂവസ്ത്രം ഉപയോഗിച്ച് ഗതാഗതയോഗ്യമാക്കുക, നടുത്തോട്ടിലൂടെ യാത്രക്കായി പെഡൽബോട്ടുകൾ, റോഡിനിരുവശത്തും സൗരോർജവിളക്കുകൾ, സെൽഫി പോയിന്റുകൾ, ഏറുമാടം, വിനോദസഞ്ചാരികൾക്ക് ആവശ്യമായ ഹട്ടുകൾ തുടങ്ങിയ സൗകര്യങ്ങളാണ് ആദ്യഘട്ടത്തിൽ ഒരുക്കുക.

എത്രയുംപെട്ടെന്ന് പണിപൂർത്തിയാക്കാനുള്ള തയ്യാറെടുപ്പിലാണ് പഞ്ചായത്ത്. ചെരണ്ടത്തൂർ കൂടാതെ വേറെയും ഇക്കോടൂറിസം പദ്ധതികൾ പഞ്ചായത്ത് ആസൂത്രണംചെയ്യുന്നുണ്ട്.

വൈകുന്നേരങ്ങളിൽ ഒട്ടേറെപ്പേർ കുടുംബത്തോടൊപ്പവും മറ്റും ചെലവഴിക്കാൻനെത്തുന്ന പ്രകൃതിമനോഹരമായ സ്ഥലമാണ് ചെരണ്ടത്തൂർ ചിറ. ഫാം ടൂറിസം പദ്ധതി യാഥാർഥ്യമാകുന്നതോടെ കൂടുതൽ സഞ്ചാരികളെ ഇവിടേക്ക്‌ ആകർഷിക്കാൻകഴിയുമെന്നാണ് പ്രതീക്ഷ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe