ചെറുവാടി പുഞ്ചപ്പാടം പൂർണമായും കൃഷിയോഗ്യമാക്കും

news image
Mar 19, 2026, 6:03 am GMT+0000 payyolionline.in

കൊടിയത്തൂർ : ചൊവ്വാടി പുഞ്ചപ്പാടം പൂർണമായും കതിരണിയിക്കാൻ പദ്ധതിയുമായി ഗ്രാമപ്പഞ്ചായത്ത്. ഇതിന്റെഭാഗമായി ചെറുകിട ജലസേചനവകുപ്പിന്റെ സഹകരണത്തോടെ കൂട്ടക്കടവിലെ റെഗുലേറ്റർ കം ബ്രിഡ്ജിന് ഹൈഡ്രോളിക് ഷട്ടർ സ്ഥാപിക്കുന്നതിന് നടപടി തുടങ്ങി. ഇതിനായി ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് എസ്റ്റിമേറ്റ് തയ്യാറാക്കി. നിലവിൽ ബ്രിഡ്ജിന്റെ വി.സി.ബി.യുടെ ഷട്ടർ മാന്വലായി പ്രവർത്തിക്കുന്നതാണ്. ഷട്ടറുകൾ കൈകൊണ്ട് കറക്കി ഉയർത്തുകയും താഴ്ത്തുകയും വേണം. ഇത് വളരെ ആയാസമേറിയ പ്രവൃത്തിയാണ്. മാത്രമല്ല, പെട്ടെന്ന് വെള്ളപ്പൊക്കവുംമറ്റുമുണ്ടാവുമ്പോൾ ഷട്ടർ ഉയർത്താനും താഴ്ത്താനും സമയമെടുക്കുന്നതും പ്രതിസന്ധിയുണ്ടാക്കാറുണ്ട്. എന്നാൽ, ഹൈഡ്രോളിക് സംവിധാനം സ്ഥാപിക്കുന്നതോടെ ഈ പ്രയാസങ്ങൾ കുറയും. ചെറുവാടി പുഞ്ചപ്പാടത്തിനുമധ്യത്തിലൂടെ ഒഴുകുന്ന കല്ലൻതോടിനാണ് കൂട്ടക്കടവിൽ റെഗുലേറ്റർ കം ബ്രിഡ്ജ് സ്ഥാപിച്ചിട്ടുള്ളത്. തോട്ടിലെയും വയലിലെയും ജലവിതാനത്തെ ക്രമീകരിക്കുന്ന റെഗുലേറ്റർ കം ബ്രിഡ്ജിനെ ആശ്രയിച്ചാണ് പ്രധാനമായും കൃഷിനടക്കുന്നത്.

2001-ൽ ചാലിയാറിന് മേജർ ഇറിഗേഷൻവകുപ്പ് പണിത കവണക്കല്ല് റഗുലേറ്റർ കം ബ്രിഡ്ജ് യാഥാർഥ്യമായതോടെ പുഴയിലെ ജലവിതാനം കല്ലൻതോടിലെ ജലവിതാനത്തെക്കാൾ ഉയർന്നുനിൽക്കുകയും ചെറുവാടി പുഞ്ചപ്പാടം വെള്ളകെട്ടുകാരണം കൃഷിയോഗ്യമല്ലാതായി മാറുകയും ചെയ്തതോടെയാണ് 2018-ൽ കല്ലൻതോടിലെ കൂട്ടക്കടവിൽ വെള്ളപ്പൊക്കനിയന്ത്രണത്തിനും ജലസേചനത്തിനും റെഗുലേറ്റർ കം ബ്രിഡ്ജ് പണിത് സ്പിൽവേ സൗകര്യത്തോടെ ഷട്ടർ സ്ഥാപിച്ചത്‌. പുഴയിൽ വെള്ളമുയരുമ്പോൾ ഷട്ടറുകൾ തടഞ്ഞുനിർത്തുകയും തോട്ടിലെ വെള്ളം പമ്പുസെറ്റുപയോഗിച്ച് ഒഴുക്കിവിട്ട് ക്രമീകരിക്കുകയുമാണ് ചെയ്യുന്നത്. ഇത് വലിയതോതിൽ പുഞ്ചപ്പാടം നെൽക്കൃഷിക്ക് അനുയോജ്യമാക്കി. മൂന്നുപതിറ്റാണ്ട് മുൻപുവരെ വലിയതോതിൽ വയലുകൾനിറഞ്ഞ പ്രദേശമായിരുന്നു ചെറുവാടി. അപ്രത്യക്ഷമായ പുഞ്ചപ്പാടം പുനഃസ്ഥാപിക്കാൻ ഗ്രാമപ്പഞ്ചായത്ത് കൃഷിവകുപ്പിന്റെ സഹകരണത്തോടെയാണ് പശ്ചിമഘട്ടവികസനപദ്ധതിയുടെ ഭാഗമായുള്ള കല്ലൻതോട് നീർത്തടപദ്ധതി നടപ്പാക്കിയത്. കേരളസർക്കാർ ഒരുകോടി രൂപ അനുവദിച്ച ഈ പദ്ധതിയിൽ, നാല്‌ ചതുരശ്രകിലോമീറ്റർ വ്യാപിച്ചുകിടക്കുന്ന വയലിനുനടുവിലൂടെ ഒഴുകുന്ന കല്ലൻതോടിന് 70 ലക്ഷം ചെലവഴിച്ച്‌ നവീകരിക്കുകയും കൂട്ടക്കടവത്ത് പമ്പ് ഹൗസ്‌ സ്ഥാപിക്കുകയും വെള്ളപ്പൊക്കനിയന്ത്രണത്തിന് ഷട്ടർ സംവിധാനം സ്ഥാപിക്കുകയുമായിരുന്നു.

ബാക്കി വയലുകളിലും കൃഷിയിറക്കും
ഇനിയും പുഞ്ചപ്പാടത്തെ പൂഞ്ചാലി, പെരുവാള, തേലീരിനട ഉൾപ്പെടെ പല വയലുകളിലും വെള്ളക്കെട്ടുകാരണം നെൽക്കൃഷി സാധ്യമായിട്ടില്ല. ചെറുവാടി നടക്കൽ പാലത്തിന് തൊട്ടുമുകളിൽ കണ്ണഞ്ചാലിൽ കൂട്ടകടവിൽ സജ്ജീകരിച്ചപോലെ വി.സി.ബി.യും ജലവിതാനം ക്രമീകരിക്കാനുള്ള പമ്പുസെറ്റും സ്ഥാപിച്ചാൽ ചെറുവാടി പുഞ്ചപ്പാടത്തെ വെള്ളക്കെട്ടിന് ശാശ്വതപരിഹാരമാകും. ഇതോടെ 300 ഏക്കറിലധികംവരുന്ന ചെറുവാടി പുഞ്ചപ്പാടം പൂർണമായും നെൽക്കതിർ വിളയിക്കാൻ സാധിക്കുമെന്നാണ് പഞ്ചായത്ത് ഭരണസമിതിയുടെ പ്രതീക്ഷ. അടുത്ത രണ്ടുവർഷംകൊണ്ട് ഈ പദ്ധതി പൂർത്തിയാക്കാനാവശ്യമായ പ്രവർത്തനവുമായി മുന്നോട്ടുപോകുമെന്ന് പ്രസിഡന്റ്‌ ടി. കവിത, വൈസ് പ്രസിഡന്റ്‌ സുജാ ടോട എന്നിവർ പറഞ്ഞു.
ജലസേചനവകുപ്പിന്റെ കല്ലൻതോട് സന്ദർശനത്തിന് ചെറുകിട ജലസേചനവകുപ്പ് എൻജിനിയർമാരായ വിപിൻ, നാഫില, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്‌ ടി. കവിത, വൈസ് പ്രസിഡന്റ്‌ സുജ ടോം, വികസന സ്ഥിരംസമിതി അധ്യക്ഷ കസ്‌നാ ഹമീദ്, ഗ്രാമപ്പഞ്ചായത്ത് മെമ്പർ സി.ടി. മുഹമ്മദ് യൂസഫ്, സൽമാൻ പൊയിലിൽ എന്നിവർ നേതൃത്വംനൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe