ചേരികൾ മറച്ചാൽ രാജ്യത്ത്‌ ദാരിദ്ര്യം ഇല്ലാതാകില്ല: കെ കെ ശൈലജ

news image
Oct 15, 2023, 8:29 am GMT+0000 payyolionline.in
ബത്തേരി > ചേരികൾ കെട്ടിമറച്ചാൽ ഇന്ത്യയിലെ ദാരിദ്ര്യം ഇല്ലാതാകില്ലെന്ന്‌ സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം കെ കെ ശൈലജ പറഞ്ഞു. കെജിഎൻഎ സംസ്ഥാന സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അവർ. ആഗോള പട്ടിണി സൂചികയിൽ ഇന്ത്യ 111-ാം സ്ഥാനത്തേക്ക്‌ കൂപ്പുകുത്തി.
ലോകനേതാക്കൾ എത്തുമ്പോൾ നാണക്കേട്‌ മറയ്‌ക്കാൻ രാജ്യതലസ്ഥാനത്തെ ചേരികൾ മോദി സർക്കാർ മറയ്‌ക്കുകയാണ്‌. പട്ടിണിയകറ്റാൻ ഇതല്ല വഴി. കേന്ദ്രനയം രാജ്യത്തെ ഞെരിച്ചുകൊല്ലുന്നതാണ്‌. പട്ടിണിക്കാരുടെ എണ്ണം വർധിക്കുന്നു. ആഗോള പട്ടിണി സൂചകയിൽ പാക്കിസ്ഥാനും ബംഗ്ലാദേശിനും ശ്രീലങ്കയ്‌ക്കും താഴെയാണ്‌ ഇന്ത്യ. കഴിഞ്ഞവർഷത്തെക്കാൾ രാജ്യത്ത്‌ ദാരിദ്ര്യം വർധിച്ചു.
രാജ്യത്തെ പട്ടിണിയകറ്റാനാണ്‌ ഇടതുപക്ഷം മുൻകൈയെടുത്ത്‌ ഒന്നാം യുപിഎ സർക്കാരിന്റെ കാലത്ത്‌ തൊഴിലുറപ്പ്‌ പദ്ധതി ആവിഷ്‌കരിച്ചത്‌. ഇത്‌ ബിജെപി സർക്കാർ കെട്ടിപ്പൂട്ടുകയാണ്‌. കഴിഞ്ഞ ദേശീയ കുടുംബാരോഗ്യ സർവേയിൽ രാജ്യത്തെ 57 ശതമാനം പേർക്ക്‌ വിളർച്ചയുള്ളതായി കണ്ടെത്തിയിരുന്നു. ഇത്‌ നാണക്കേടായപ്പോൾ പുതിയ സർവേയിൽ വിളർച്ച കണ്ടുപിടിക്കേണ്ടെന്ന്‌ തീരുമാനിച്ചു. കേന്ദ്രപദ്ധതികളിലെ അഴിമതി സിഎജി റിപ്പോർട്ടിൽ വന്നപ്പോൾ ഓഡിറ്റ്‌ ജോലികൾ നിർത്തിവയ്‌ക്കാൻ നിർദേശിച്ചു. ഇതാണ്‌ കേന്ദ്രസർക്കാരിന്റെ നിലപാടുകൾ.
കേരളത്തിന്റെ പ്രകാശംകൂടി കെടുത്താനുള്ള ശ്രമങ്ങളാണിപ്പോൾ. എല്ലാ മുന്നേറ്റങ്ങളും തകിടം മറിക്കണം. അതിന്‌ സാമ്പത്തികമായി ഞെരുക്കുകയാണ്‌. ശത്രുതാ മനോഭാവത്തോടെയാണ്‌ കേന്ദ്രം കേരളത്തോട്‌ പെരുമാറുന്നത്‌. എല്ലാ പ്രതിസന്ധികളെയും അതിജീവിച്ചാണ്‌ കേരളം മുന്നേറുന്നത്‌.  ഇതിന്‌ കരുത്തുപകരണമെന്നും കെ കെ ശൈലജ പറഞ്ഞു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe