ആഗോള വിപണിയില്‍ സ്വര്‍ണ വില കുതിച്ചുയരുന്നതിനിടെ ഈ ആഴ്ച ചൈനയില്‍ സ്വര്‍ണത്തിന്റെ ആവശ്യകത കൂടുതല്‍ ദുര്‍ബലമായി. അതിനിടെ ഡിസ്കൗണ്ടുകള്‍ ഒന്നിലധികം വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. അതേസമയം ഇന്ത്യയടക്കമുള്ള മറ്റ് പ്രധാന ഏഷ്യന്‍ കേന്ദ്രങ്ങളില്‍ ഉയര്‍ന്ന വില ഉണ്ടായിരുന്നിട്ടും കൂടുതല്‍ നേട്ടങ്ങള്‍ പ്രതീക്ഷിച്ച് സ്ഥിരമായ വാങ്ങല്‍ തുടര്‍ന്നു.
ചൊവ്വാഴ്ച സ്പോട്ട് ഗോള്‍ഡ് റെക്കോര്‍ഡ് നിലയായ 3,790.82 ഡോളറില്‍ എത്തി. ഈ ആഴ്ച ഇതുവരെ 1.4% ആണ് വില ഉയര്‍ന്നത്. ചൈനയില്‍ ഡീലര്‍മാര്‍ ആഗോള ബെഞ്ച്മാര്‍ക്ക് വിലകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഔണ്‍സിന് 31-71 ഡോളര്‍ ആയി കിഴിവുകള്‍ വര്‍ധിപ്പിച്ചു. കഴിഞ്ഞ ആഴ്ച 21-36 ഡോളര്‍ ആയിരുന്നു ഇത്.
‘സ്വര്‍ണത്തിനുള്ള കിഴിവുകള്‍ വര്‍ധിച്ച് കൊണ്ടിരിക്കുകയാണെങ്കിലും ഷാങ്ഹായ് ഫ്യൂച്ചേഴ്സ് എക്സ്ചേഞ്ചിലെ വ്യാപാര അളവ് ഗണ്യമായി തുടരുന്നു. ഈ പ്രവണതയ്ക്ക് പിന്നിലെ ഒരു കാരണം സിഎസ്ഐ 300ലെ ദ്രുത ലാഭത്തിന്റെ ആകര്‍ഷണമായിരിക്കാം. ഇത് സ്വര്‍ണത്തിന്റെ പ്രകടനത്തെ ചെറുതായി ദുര്‍ബലപ്പെടുത്തുന്നു,’ ഇന്പ്രോവഡിലെ സ്വര്‍ണ വ്യാപാരിയായ ഹ്യൂഗോ പാസ്കല്‍ പറഞ്ഞു.
ചൈനയുടെ ബ്ലൂ-ചിപ്പ് സിഎസ്ഐ 300 സൂചിക ഈ ആഴ്ച ഇതുവരെ ഏകദേശം 2% ഉയര്‍ന്നു, 2022 ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയില്‍ ആണിത്. അതിനിടെ ഇന്ത്യയില്‍, ഇറക്കുമതി, വില്‍പ്പന ലെവികള്‍ ഉള്‍പ്പെടെ ഔദ്യോഗിക ആഭ്യന്തര വിലകളേക്കാള്‍ ഔണ്‍സിന് 7 ഡോളര്‍ വരെ പ്രീമിയങ്ങള്‍ സ്ഥിരമായി തുടര്‍ന്നു. 2024 നവംബറിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
‘നിക്ഷേപകര്‍ നാണയങ്ങളും ബാറുകളും വാങ്ങുന്നു. റാലി തുടരുമെന്ന് പ്രതീക്ഷിച്ച് അവര്‍ റെക്കോര്‍ഡ് വിലയ്ക്ക് മുകളില്‍ പ്രീമിയം പോലും അടയ്ക്കുന്നു,’ മുംബൈ ആസ്ഥാനമായുള്ള സ്വര്‍ണ മൊത്തവ്യാപാരിയായ ചെനാജി നര്സിംഗ്ജിയുടെ ഉടമയായ അശോക് ജെയിന് പറഞ്ഞു. ഈ ആഴ്ച ആദ്യം 114,179 രൂപ എന്ന റെക്കോര്‍ഡ് ഉയരത്തിലെത്തിയ ശേഷം വെള്ളിയാഴ്ച ആഭ്യന്തര സ്വര്‍ണ വില 10 ഗ്രാമിന് 112,500 രൂപയ്ക്ക് വ്യാപാരം നടത്തി.
രണ്ടാഴ്ചയിലൊരിക്കല്‍ അടിസ്ഥാന ഇറക്കുമതി വിലയില്‍ മാറ്റം വരുത്തിയതിനെത്തുടര്‍ന്ന്, ഉയര്‍ന്ന തീരുവയ്ക്ക് മുന്നോടിയായി ജ്വല്ലറികളും ബുള്ളിയന്‍ ഡീലര്‍മാരും ഇറക്കുമതി ത്വരിതപ്പെടുത്തുന്നതായി മുംബൈ ആസ്ഥാനമായുള്ള ഒരു സ്വകാര്യ ബാങ്കിലെ ഒരു ഡീലര്‍ അഭിപ്രായപ്പെട്ടു. ഏഷ്യയിലെ മറ്റിടങ്ങളില്‍, ഹോങ്കോങ്ങില്‍ 1.50 ഡോളര്‍ മുതല്‍ 2 ഡോളര്‍ വരെയും സിംഗപ്പൂരില്‍ 1.50 ഡോളര്‍ മുതല്‍ 2.50 ഡോളര്‍ വരെയും ആയിരുന്നു കിഴിവുകള്‍. സ്വര്‍ണ്ണ വാങ്ങലിന്റെ ഈ പ്രവണത തുടരുമെന്ന് പ്രതീക്ഷിക്കുന്നു. പ്രത്യേകിച്ച് വില കുറയുകയാണെങ്കില്‍, ഇത് വാങ്ങല്‍ വര്‍ധിപ്പിക്കുന്നതിന് കാരണമാകുമെന്ന് സിംഗപ്പൂര്‍ ആസ്ഥാനമായുള്ള ഗോള്ഡ്സില്വര് സെന്‍ട്രലിന്റെ മാനേജിംഗ് ഡയറക്ടര്‍ ബ്രയാന്‍ ലാന് പറഞ്ഞു. ജപ്പാനിലെ സ്വര്‍ണ വില 1 ഡോളര്‍ എന്ന പ്രീമിയത്തിലാണ് വ്യാപാരം നടന്നത്.