ചൈന ഉപഗ്രഹം വിക്ഷേപിച്ചു; പിന്നാലെ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി ത‌യ്‌വാൻ

news image
Jan 9, 2024, 12:25 pm GMT+0000 payyolionline.in

ബീജിങ്: ചൈന ഉപ​ഗ്രഹം വിക്ഷേപിച്ചതിന് പിന്നാലെ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി തയ്‍വാൻ. ചൈനയുടെ സാറ്റ്ലൈറ്റ് തയ്‍വാൻ എയർസ്​പേസിലൂടെ കടന്നു പോയതിന് പിന്നാലെയാണ് മുന്നറിയിപ്പ് എത്തിയത്. ചൈനീസ് സ്റ്റേറ്റ് മീഡിയ ഉപഗ്രഹവിക്ഷേപണം സംബന്ധിച്ച വാർത്ത സ്ഥിരീകരിച്ചതിന് പിന്നാലെയാണ് മൊബൈൽ ഫോണുകളിൽ ജനങ്ങൾക്ക് മുന്നറിയിപ്പ് സന്ദേശം എത്തിയത്.

ചൈന ഉപ​ഗ്രഹം വിക്ഷേപിച്ചുവെന്നും ഇത് തെക്കൻ എയർസ്​പേസിലൂടെ കടന്ന് പോയെന്നുമാണ് ചൈനീസ് ഭാഷയിലുള്ള മുന്നറിയിപ്പ് സന്ദേശത്തിൽ പറയുന്നത്. എന്നാൽ, ഇംഗ്ലീഷിലുള്ളത് വ്യോമാക്രമണം സംബന്ധിച്ച മുന്നറിയിപ്പാണ്. മുന്നറിയിപ്പിന് പിന്നാലെ ക്ഷമാപണവുമായി പ്രതിരോധമന്ത്രാലയം രംഗത്തെത്തി. ഇംഗ്ലീഷിലുള്ള മുന്നറിയിപ്പ് അപ്ഡേറ്റ് ചെയ്തില്ലെന്നും അത് അബദ്ധത്തിൽ വന്ന സന്ദേശമാണെന്നുമാണ് പ്രതിരോധമന്ത്രാലയം വ്യക്തമാക്കിയത്.

ഇപ്പോഴുള്ള മുന്നറിയിപ്പ് ഉപഗ്രഹം വിക്ഷേപിച്ചതുമായി ബന്ധപ്പെട്ടുള്ളതാണെന്ന് വിദേശകാര്യമന്ത്രി ജോസഫ് വു വ്യക്തമാക്കി. റോക്കറ്റ് ഞങ്ങളുടെ ആകാശത്തിന് മുകളിലൂടെ പറന്നാൽ അതിൽ നിന്നും മാലിന്യങ്ങൾ ഉൾപ്പടെ വീഴാനുള്ള സാധ്യതയുണ്ട്. ഇത് മുന്നിൽകണ്ടാണ് അലേർട്ട് സിസ്റ്റം മുന്നറിയിപ്പ് നൽകിയത്.ചൈന ന്യൂസ് ഏജൻസിയായ സിൻഹുവയാണ് സാറ്റ്ലൈറ്റ് വിക്ഷേപിച്ച വിവരം അറിയിച്ചത്. തായ്‍വാനിൽ പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് മുന്നറിയിപ്പെന്നതും ശ്രദ്ധേയമാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe