തൃശൂർ: ചൈൽഡ് ലൈൻ പ്രവർത്തകരെ ആക്രമിച്ച് കടന്നുകളഞ്ഞ യുവാവിനേയും പെൺകുട്ടിയേയും കണ്ടെത്തി. പുതുക്കാട് നിന്നാണ് ഇരുവരേയും കണ്ടെത്തിയത്. കഴിഞ്ഞ ദിവസം തൃശൂർ സ്റ്റേഷനിലെ ചൈൽഡ് ലൈൻ പ്രവർത്തകരെ ആക്രമിച്ചാണ് യുവാവ് പെൺകുട്ടിയുമായി കടന്നു കളഞ്ഞത്.
ഛത്തീസ്ഗഢ് സ്വദേശികളായ 16 കാരിയെയും 20 വയസുകാരനെയുമാണ് പുതുക്കാട് നിന്ന് കണ്ടെത്തിയത്. ഫേസ്ബുക്കിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. പെൺകുട്ടിയെ കടത്തുന്നതിനിടെ യുവാവ് ബിയർ കുപ്പി പൊട്ടിച്ച് ഉദ്യോഗസ്ഥരെ ആക്രമിച്ചിരുന്നു. സംഭവത്തിൽ ചൈൽഡ് ലൈൻ അംഗം സിനി ഷിബിക്ക് കൈക്ക് പരിക്കേറ്റു. ഛത്തിസ്ഗഢിൽ നിന്ന് ഒന്നിച്ചുവന്നവരാണ് പെൺകുട്ടിയും യുവാവും. ഇരുവരെയും ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കാര്യങ്ങൾ ചോദിച്ചറിയാൻ ചൈൽഡ് ലൈൻ അംഗങ്ങൾ പെൺകുട്ടിയെ കൂട്ടിക്കൊണ്ടുവന്നതായിരുന്നു.