തിരുവനന്തപുരം; പത്താം ക്ലാസ് ഇംഗ്ലീഷ്, പ്ലസ് വൺ കണക്ക് അർധവാർഷിക പരീക്ഷകളുടെ ചോദ്യങ്ങൾ പരീക്ഷയ്‌ക്കുമുമ്പ് യു ട്യൂബ് ചാനലിൽ പ്രത്യക്ഷപ്പെട്ട സംഭവത്തിൽ ക്രൈംബ്രാഞ്ച് കേസെടുത്തു. പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. മന്ത്രി വി ശിവൻകുട്ടിയുടെ നിർദേശപ്രകാരം പൊതുവിദ്യാഭ്യാസ ഡയറക്ടർ സംസ്ഥാന പൊലീസ് മേധാവിക്ക് സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
ചോദ്യപേപ്പർ ചോർച്ചയിൽ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരിൽ നിന്ന് കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് വിവരങ്ങൾ ശേഖരിച്ചിരുന്നു. അധ്യാപകർക്കോ വിദ്യാഭ്യാസ വകുപ്പിലെ മറ്റു ജീവനക്കാർക്കോ പങ്കുള്ളതായി അറിയില്ലെന്നാണ് ഉദ്യോഗസ്ഥർ ക്രൈംബ്രാഞ്ചിനോട് പറഞ്ഞത്. ഉദ്യോഗസ്ഥരിൽ നിന്നുള്ള വിവരങ്ങൾ ലഭിച്ചതിന് ശേഷം ആരോപണ വിധേയരായ എംഎസ് സൊലുഷ്യൻസ് ഉടമയിൽ നിന്നും അധ്യാപകരിൽ നിന്നും മൊഴിയെടുക്കും.
വിദ്യാഭ്യാസ വകുപ്പിന് ലഭിച്ച പരാതിയിൽ അവർ കണ്ടെത്തിയ കാര്യങ്ങളും നിഗമനങ്ങളും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരിൽ നിന്നും ചോദിച്ചറിഞ്ഞിട്ടുണ്ട്. മുൻ കാലങ്ങളിലെ ചോദ്യ പേപ്പർ ചോർച്ചയുമായി ബന്ധപ്പട്ട രേഖകളും ശേഖരിച്ചു. കോഴിക്കോട് ഡിഡിഇ താമരശ്ശേരി ഡിഇഒ, കൊടുവള്ളി എഇഒ എന്നിവരിൽ നിന്നാണ് വിവരങ്ങൾ എടുത്തത്. കൊടുവള്ളിയിലെ എംഎസ് സൊല്യൂഷൻസ് അടക്കം ചോദ്യങ്ങൾ പ്രവചിച്ച മുഴുവൻ യൂട്യൂബ ചാനലുകൾക്കെതിരെയും അന്വേഷണം വേണമെന്ന് ഡിഡിഇ മനോജ് കുമാർ ക്രൈംബ്രാഞ്ചിനോട് ആവശ്യപ്പെട്ടു. എംഎസ് സൊല്യൂഷൻ യു ട്യൂബ് ചാനലിലെ വിഡിയോകളും സംഘം പരിശോധിക്കുന്നുണ്ട്. ഇതിന് ശേഷം എംഎസ് സൊലുഷ്യൻസ് ഉടമയുടെയും ചോദ്യങ്ങൾ തയ്യാറാക്കിയ അധ്യാപകരുടെയും മൊഴിയെടുക്കും.