ചേവായൂർ: മെഡിക്കൽ കോളജിൽ ഉച്ചയോടെ ജലവിതരണം മുടങ്ങി. 2, 3 നിലകളിലെ വാർഡുകളിൽ രോഗികൾ ശുചിമുറികൾ ഉപയോഗിക്കാനാവാതെ ഏറെ ബുദ്ധിമുട്ടി. ജല അതോറിറ്റി ടാങ്കർ ലോറിയിൽ വെള്ളം കൊണ്ടുവന്ന് വിതരണം ചെയ്തെങ്കിലും രോഗികളുടെ കൂട്ടിരിപ്പുകാർ ബക്കറ്റുമായി താഴെയെത്തി വെള്ളം ശേഖരിച്ച് മുകളിലെ വാർഡുകളിലേക്ക് കൊണ്ടുപോകുകയായിരുന്നു.
ആശുപത്രി വാർഡുകളിലേക്കുള്ള കുടിവെള്ള വിതരണമാണ് മുടങ്ങിയത്. സൂപ്പർ സ്പെഷ്യൽറ്റി ബ്ലോക്കിന് സമീപമുള്ള മെയിൻ വാൽവിലെ ചോർച്ചയെ തുടർന്ന് അടച്ചതോടെയാണ് വിതരണം നിലച്ചത്. വാൾവും ബൾക്ക് വാട്ടർ മീറ്ററും മാറ്റി സ്ഥാപിച്ചതിനെ തുടർന്ന് രാത്രി 8ന് കുടിവെള്ള വിതരണം പുനഃസ്ഥാപിച്ചതായി ജല അതോറിറ്റി അധികൃതർ അറിയിച്ചു.