ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് ആക്രമണം; മലയാളി ഉൾപ്പെടെ 2 സിആര്‍പിഎഫ് ജവാന്മാർക്ക് വീരമൃത്യു

news image
Jun 23, 2024, 4:27 pm GMT+0000 payyolionline.in

ദില്ലി: ഛത്തീസ്ഗഡിൽ നടന്ന മാവോയിസ്റ്റ് ആക്രമണത്തിൽ മലയാളി ഉൾപ്പടെ രണ്ട് സിആർപിഎഫ് ജവാന്മാർക്ക് വീരമൃത്യു. തിരുവനന്തപുരം പാലോട് സ്വദേശി വിഷ്ണു ആര്‍ (35), ശൈലേന്ദ്ര (29) എന്നിവരാണ് വീരമൃത്യു വരിച്ചത്. സിആര്‍പിഎഫില്‍ ഡ്രൈവര്‍ ആയിരുന്നു വിഷ്ണു. വിഷ്ണു ഓടിച്ചിരുന്ന ട്രക്ക് കുഴിബോംബ് പൊട്ടിത്തെറിച്ച്  തകരുകയായിരുന്നു. സുഖ്മ ജില്ലയില്‍ കുഴിബോംബ് ആക്രമണം.

സുഖ്മ ജില്ലയിൽ വൈകുന്നേരം മൂന്ന് മണിയോടെയാണ് ആക്രമണം നടന്നത്. സിൽഗർ സേനാ ക്യാമ്പിൽ നിന്നും ടേക്കൽഗുഡാമിലെ ക്യാമ്പിലേക്ക് പോകുകയായിരുന്ന ട്രക്കിനെ ലക്ഷ്യമിട്ടായിരുന്നു കുഴിബോംബ് സ്ഥാപിച്ചത്. വാഹനത്തിൽ വിഷ്ണുവിനൊപ്പം ഉണ്ടായിരുന്ന ശൈലേന്ദ്ര എന്ന ജവാനും വീരമൃത്യു വരിച്ചു. ഇരുവരും സിആർപിഎഫ് കോബ്ര ബറ്റാലിയനിലെ ജവാന്മാരാണ്. ആക്രമണം നടത്തിയ മാവോയിസ്റ്റുകൾക്കായുള്ള തെരച്ചിൽ തുടരുകയാണെന്ന് സിആർപിഎഫ് അറിയിച്ചു. അഞ്ച് ദിവസം മുമ്പ് സുഖ്മയിൽ സുരക്ഷാ സേനയും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടൽ നടന്നിരുന്നു ആയുധങ്ങളും പിടിച്ചെടുത്തിരുന്നു. നടപടികൾ പൂർത്തിയാക്കി ജവാന്മാരുടെ മൃതദേഹം നാട്ടിലെത്തിക്കാൻ സിആർപിഎഫ് നടപടി തുടങ്ങി.

പാലോട് ഫാം ജംഗ്ഷൻ അനിഴം ഹൗസിൽ രഘുവരന്റേയും അജിതയുടേയും മകനാണ് അന്തരിച്ച വിഷ്ണു. ഭാര്യ നിഖില ശ്രീചിത്രാ ആശുപത്രിയിൽ നഴ്സാണ്. നിർദ്ദേവ് നിർവ്വിൻ എന്നീ രണ്ട് ആൺമക്കളുണ്ട്. വീടിന്റെ പാലു കാച്ചൽ ചടങ്ങിനായി ഒന്നരമാസം മുൻപാണ് വിഷ്ണു അവസാനമായി നാട്ടിലെത്തിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe