കട്ടക്ക്: ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് 305 റണ്‍സ് വിജയലക്ഷ്യം. കട്ടക്ക്, ബരാബതി സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിന് വേണ്ടി ജോ റൂട്ട് (69), ബെന്‍ ഡക്കറ്റ് (65), ലിയാം ലിവിംസ്റ്റണ്‍ (41) എന്നിവരാണ് മികച്ച പ്രകടനം പുറത്തെടുത്തത്. 49.5 ഓവറില്‍ എല്ലാവരും പുറത്തായി. ഇന്ത്യക്ക് വേണ്ടി രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റ് വീഴ്ത്തി. അരങ്ങേറ്റക്കാരന്‍ വരുണ്‍ ചക്രവര്‍ത്തിക്ക് ഒരു വിക്കറ്റാണ് നേടാന്‍ സാധിച്ചത്. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നിലാണ്. ഇന്ന് ജയിച്ചാല്‍ പരമ്പര സ്വന്തമാക്കാം.
മികച്ച തുടക്കമായിരുന്നു ഇംഗ്ലണ്ടിന്. ഒന്നാം വിക്കറ്റില്‍ ഫിലിപ് സാള്‍ട്ട് (26) – ഡക്കറ്റ് സഖ്യം 81 റണ്‍സ് ചേര്‍ത്തു. ആദ്യ ഏകദിനം കളിക്കുന്ന വരുണാണ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കിയത്. രവീന്ദ്ര ജഡേജയ്ക്ക് ക്യാച്ച്. മൂന്നാമതായി ക്രീസിലെത്തിയ ജോ റൂട്ട് നിര്‍ണായക സംഭവാന നല്‍കി. ഡക്കറ്റ് – റൂട്ട് സഖ്യം മികച്ച കൂട്ടുകെട്ടിലേക്ക് നീങ്ങുന്നതിനിടെ രവീന്ദ്ര ജഡേജ ബ്രേക്ക് ത്രൂമായെത്തി. ഡക്കറ്റിനെ, ഹാര്‍ദിക് പാണ്ഡ്യയുടെ കൈകളിലേക്ക് അയച്ചു. തുടര്‍ന്ന് ഹാരി ബ്രൂക്ക് (31) – റൂട്ട് സഖ്യം 66 റണ്‍സ് കൂട്ടിചേര്‍ത്തു.
30-ാം ഓവറിലാണ് കൂട്ടുകെട്ട് പൊളിയുന്നത്. ബ്രൂക്കിനെ ഹര്‍ഷിത് റാണ മടക്കുകയായിരുന്നു. ക്യാപ്റ്റന്‍ ജോസ് ബട്‌ലര്‍ക്കും (34) വലിയ സംഭാവന ചെയ്യാന്‍ സാധിച്ചില്ല. തുടര്‍ന്നെത്തിയ ജാമി ഓവര്‍ട്ടണ്‍ (6), ഗസ് അറ്റ്കിന്‍സണ്‍ (3) എന്നിവര്‍ക്ക് തിളങ്ങാനായില്ല. ഇതോടെ ഏഴിന് 272 എന്ന നിലയിലായി ഇംഗ്ലണ്ട്. അവസാന മൂന്ന് വിക്കറ്റുകളും റണ്ണൗട്ടില്‍ അവസാനിക്കുകയായിരുന്നു. ആദില്‍ റഷീദ് (14), ലിയാം ലിവിംഗ്‌സ്റ്റണ്‍ (41), മാര്‍ക്ക് വുഡ് (0) എന്നിവരാണ് റണ്ണൗട്ടായത്. സാകിബ് മെഹ്മൂദ് (0) പുറത്താവാതെ നിന്നു.
ആദ്യ ഏകദിനം ജയിച്ച ടീമില്‍ രണ്ട് മാറ്റവുമായാണ് ഇന്ത്യ രണ്ടാം ഏകദിനത്തിനിറങ്ങിയത്. കാല്‍മുട്ടിനേറ്റ പരിക്കുമൂലം കളിക്കാതിരുന്ന വിരാട് കോലി ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയപ്പോള്‍ ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ പുറത്തായി. ആദ്യ മത്സരത്തില്‍ യശസ്വിക്ക് തിളങ്ങാനായിരുന്നില്ല. കുല്‍ദീപ് യാദവിന് പകരം വരുണ്‍ ചക്രവര്‍ത്തിയെ ഇന്ത്യ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തി. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.
ഇംഗ്ലണ്ട്: ഫിലിപ്പ് സാള്‍ട്ട്, ബെന്‍ ഡക്കറ്റ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ജോസ് ബട്ട്ലര്‍, ലിയാം ലിവിംഗ്സ്റ്റണ്‍, ജാമി ഓവര്‍ടണ്‍, ഗസ് അറ്റ്കിന്‍സണ്‍, ആദില്‍ റഷീദ്, മാര്‍ക്ക് വുഡ്, സാഖിബ് മഹ്മൂദ്.
ഇന്ത്യ: രോഹിത് ശര്‍മ്മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ, ഹര്‍ഷിത് റാണ, മുഹമ്മദ് ഷമി, വരുണ്‍ ചക്രവര്‍ത്തി.