ജനറിക് മരുന്നുകൾ ബ്രാൻഡഡ് മരുന്നുകളുടെ നിലവാരത്തിൽത്തന്നെയാണെന്ന് ഉറപ്പുവരുത്തുകയോ സർക്കാർതന്നെ ഉൽപ്പാദിപ്പിക്കാൻ മുന്നോട്ടുവരികയോ വേണമെന്ന് ഐഎംഎയടക്കം വിവിധ സംഘടനകൾ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല.
വില കുറച്ച് ഗുണനിലവാരമുള്ള മരുന്ന് ലഭ്യമാക്കുന്നതിനാണ് ഡോക്ടർമാർ ജനറിക് (മരുന്നിലടങ്ങിയ രാസനാമം) കൂടി എഴുതി നൽകണമെന്ന നിബന്ധന കൊണ്ടുവന്നത്. എന്നാൽ, മരുന്നുകമ്പനികളുടെ സ്വാധീനംമൂലം പല ഡോക്ടർമാരും ജനറിക് മരുന്ന് എഴുതിന്നെല്ലെന്ന ആക്ഷേപം വ്യാപകമായിരുന്നു. തുടർന്ന്, സർക്കാരും നാഷണൽ മെഡിക്കൽ കമീഷനും (എൻഎംസി) കർശന നിർദേശം നൽകി.
കേന്ദ്രം പരിഹാരം കാണണം
ജനറിക് മരുന്ന് എഴുതുന്നിനോട് ആർക്കും എതിർപ്പില്ലെന്നും എന്നാൽ, അതിന്റെ ദോഷവശങ്ങൾക്ക് പരിഹാരം കാണാൻ കേന്ദ്രം തയ്യാറാകണമെന്നും കെജിഎംഒഎ നേതാവ് ഡോ. വിജയകൃഷ്ണൻ പറഞ്ഞു. രോഗം എത്രയുംപെട്ടെന്ന് മാറണമെന്ന് ആഗ്രഹിച്ചെത്തുന്ന രോഗികൾക്ക് പരീക്ഷണാർഥം ജനറിക് മരുന്നെഴുതേണ്ടിവരും. രോഗം മാറിയില്ലെങ്കിൽ ചീത്തപ്പേരാകും ഫലം. അതോടെ ഡോക്ടറുടെ വിശ്വാസ്യത കുറയും. ഈ സ്ഥിതിക്ക് പരിഹാരമുണ്ടായാലേ പ്രതീക്ഷിക്കുന്ന വിധത്തിൽ ജനറിക് മരുന്നുപയോഗം നടക്കൂവെന്നും അദ്ദേഹം പറഞ്ഞു.