ജനസംഖ്യാ കണക്കെടുപ്പ്‌ 2025 ൽ നടത്താൻ ഒരുങ്ങി കേന്ദ്രം; റിപ്പോർട്ട്‌

news image
Oct 28, 2024, 10:26 am GMT+0000 payyolionline.in

ന്യൂഡൽഹി> 2025 ൽ രാജ്യത്ത്‌ ജനസംഖ്യാ കണക്കെടുപ്പ്‌ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി റിപ്പോർട്ട്‌.  2025-ൽ ആരംഭിക്കുന്ന ജനസംഖ്യാ കണക്കെടുപ്പ്‌  പ്രക്രിയ 2026 വരെ തുടരുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന്‌ ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

ജനസംഖ്യാ കണക്കെടുപ്പിന്‌ ശേഷം ലോക്‌സഭ മണ്ഡലങ്ങളുടെ പുനർനിർണയം ആരംഭിക്കുമെന്നും ഇത്‌ 2028 ഓടെ പൂർത്തിയാകുമെന്നും കരുതുന്നതായി റിപ്പോർട്ടിൽ പറഞ്ഞു. എന്നാൽ ജാതി സെൻസസ്‌ നടപ്പാക്കേണ്ട കാര്യത്തിൽ കേന്ദ്ര സർക്കാർ ഇതുവരെ യാതൊരു തീരുമാനവും പുറത്തു വിട്ടിട്ടില്ല.

ജാതി സെൻസസ് വേണമെന്ന്‌ നിരവധി പ്രതിപക്ഷ പാർടികൾ ആവശ്യപ്പെടുന്നതിനിടയിലാണ് കേന്ദ്രം അക്കാര്യത്തിൽ മൗനം പാലിക്കുന്നത്‌. ഇന്ത്യയിൽ 2036 ഓടെ  സ്ത്രീ- പുരുഷ അനുപാതം  952 ആയി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2036 ഓടെ ഇന്ത്യയുടെ ജനസംഖ്യ 152.2 കോടിയിലെത്തുമെന്നും കണക്കുകൾ പറയുന്നു. ഇത്‌ 2060 ഓടെ 170 കോടിയായി ഉയരും. നിലവിൽ ലോകത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യം ഇന്ത്യയാണ്.

നിലവിൽ രാജ്യത്ത്‌ നാല്‌ വർഷം വൈകിയാണ്‌ ജനസംഖ്യാ കണക്കെടുപ്പ്‌ നടക്കുന്നത്‌. ദേശീയ ജനസംഖ്യാ രജിസ്റ്റർ(എൻപിആർ) പുതുക്കാനായി  സാധാരണയായി ഓരോ പത്ത് വർഷത്തിലും കണക്കെടുപ്പ്‌ നടക്കാറുണ്ട്‌. അത്‌ പ്രകാരം 2021-ൽ നടക്കേണ്ട സെൻസസാണ്‌  2025 ൽ നടക്കുന്നത്‌.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe