‘ജനാധിപത്യത്തിലെ കറുത്ത ദിനം, ഏകാധിപത്യം അനുവദിക്കില്ല’; പാർലമെന്റിലും പുറത്തും പ്രതിപക്ഷ പ്രതിഷേധം 

news image
Dec 19, 2023, 6:44 am GMT+0000 payyolionline.in

ദില്ലി : പാർലമെന്റിലെ അതിക്രമത്തിലൂടെയുണ്ടായ സുരക്ഷാ വീഴ്ചയില്‍ ആഭ്യന്തരമന്ത്രി മറുപടി നൽകണമെന്നാവശ്യപ്പെട്ട് നടത്തുന്ന പ്രതിഷേധം കൂടുതൽ ശക്തമായി മുന്നോട്ട് കൊണ്ടുപോകാൻ പ്രതിപക്ഷം. 92 എംപിമാരെ സസ്പെൻഡ് ചെയ്ത സാഹചര്യത്തിലും മറ്റുളള എംപിമാർ പാർലമെന്റിന്റെ ഇരുസഭകളിലും ശക്തമായി  പ്രതിഷേധിക്കുകയാണ്.

പോസ്റ്ററുകളുമായെത്തിയാണ് ലോക്സഭയില്‍ എംപിമാരുടെ പ്രതിഷേധം. ഇതെന്താണ് ഏതാധിപത്യമോ? ഏകാധിപത്യം അനുവദിക്കില്ല. സഭയിൽ മറുപടി പറയാൻ ആഭ്യന്തരമന്ത്രിയെന്ന നിലയിൽ അമിത് ഷായ്ക്ക് ഉത്തരവാദിത്തമുണ്ട്. ഇക്കാര്യമാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നതെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി.

 

സഭ നടപടികളോട് പ്രതിപക്ഷം സഹകരികരിക്കണമെന്ന് സ്പീക്കർ ഓം ബി‍ർള ആവശ്യപ്പെട്ടെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല. ബഹളത്തെ തുടര്‍ന്ന് ലോക്സഭ 12 മണി വരെ നിർത്തിവെച്ചു. പ്രതിപക്ഷ എംപിമാരെ കൂട്ടമായി സസ്പെന്റ് ചെയ്ത ദിവസം ഇന്ത്യൻ ജനാധിപത്യത്തിലെ കറുത്ത ദിനമെന്ന് ആം ആദ്മി പാര്‍ട്ടി പ്രതികരിച്ചു. സസ്പെൻഡ് ചെയ്യപ്പെട്ട എംപിമാർ പാർലമെന്റിലും പുറത്തും പ്രതിഷേധിക്കുകയാണ്.

എന്നാൽ അതേ സമയം, പാർലമെൻറ് അതിക്രമത്തെ പ്രതിപക്ഷം പിന്തുണയ്ക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കുറ്റപ്പെടുത്തി. ഇത് അതിക്രമത്തെക്കാൾ ഗൗരവതരമെന്നായിരുന്നു പ്രതിഷേധത്തെ കുറിച്ച് നരേന്ദ്ര മോദിയുടെ പ്രതികരണം.

 

പാർലമെന്റ് അതിക്രമത്തിൽ കേന്ദ്രത്തിനെതിരെ പ്രതിഷേധം കടുപ്പിക്കാനുളള തീരുമാനത്തിൽ ഉറച്ച് ഇന്ത്യാ മുന്നണി. പാർലമെന്റിൽ രണ്ട് പേർക്ക് അതിക്രമിച്ച് കയറാൻ അവസരമൊരുക്കിയ ബിജെപി നേതാവ് ഇപ്പോഴും എംപിയായി തുടരുകയും  പ്രതികരിച്ച പ്രതിപക്ഷ എംപിമാർ പുറത്താകുകയും ചെയ്യുന്ന സ്ഥിതിയെന്ന് ജയറാം രമേശ് കുറ്റപ്പെടുത്തി. സംഭവത്തില്‍ ആഭ്യന്തരമന്ത്രി പാർലമെന്റിൽ പ്രതികരിക്കണമെന്ന് ആവശ്യപ്പെട്ടതിനാണ് 92 ഇന്ത്യാ മുന്നണി എംപിമാരെ സസ്പെൻഡ് ചെയ്തതെന്ന് ജയറാം രമേശ് കുറ്റപ്പെടുത്തി

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe