ജപ്തി നടപടികൾ നിർത്തൂ’; മുഖ്യമന്ത്രിക്കും സഹകരണ മന്ത്രിക്കും കത്തയച്ച് സതീശൻ

news image
Sep 21, 2022, 2:31 pm GMT+0000 payyolionline.in

തിരുവനന്തപുരം : കേരള ബാങ്ക് ഉൾപ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങൾ ജപ്തി നടപടികൾ  നിർത്തിവയ്ക്കാൻ സർക്കാർ നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും സഹകരണ മന്ത്രിക്കും പ്രതിപക്ഷ നേതാവ് കത്ത് നൽകി. വീടിന് മുന്നിൽ കേരള ബാങ്ക് ജപ്തി ബോർഡ് സ്ഥാപിച്ചതിൽ മനംനൊന്ത് കൊല്ലം ശാസ്താംകോട്ടയിൽ  ബിരുദ വിദ്യാർഥി അഭിരാമി ആത്മഹത്യ ചെയ്ത സംഭവത്തിൻ്റെ പശ്ചാത്തലത്തിലാണ് കത്ത്.

സ്വന്തം വീടിന് മുന്നിൽ കേരള ബാങ്ക് ജപ്തി ബോർഡ് സ്ഥാപിച്ചതിൽ മനംനൊന്ത് കൊല്ലം ശാസ്താംകോട്ടയിൽ  ബിരുദ വിദ്യാർഥി അഭിരാമി ആത്മഹത്യ ചെയ്ത സംഭവം വേദനാജനകമാണ്. അഭിരാമിയുടെ പിതാവ് അജികുമാർ കേവിഡ് സാഹചര്യത്തിൽ തൊഴിൽ നഷ്ടപ്പെട്ട പ്രവാസിയാണ്. കുറച്ച് സാവകാശം അനുവദിച്ചിരുന്നുവെങ്കിൽ ആ കുടുംബം വായ്പാ തുക തിരിച്ചടക്കുമായിരുന്നു. കൊവിഡിന് ശേഷമുള്ള പ്രത്യേക സഹചര്യം പരിഗണിച്ച് ബാങ്കുകൾ കുറച്ച് കൂടി മനുഷ്യത്വപരമായ സമീപനം സ്വീകരിക്കണം.

കേരളത്തിന്റെ സ്വന്തം ബാങ്ക് എന്ന് കൊട്ടിഘോഷിക്കപ്പെടുന്ന കേരള ബാങ്ക് ഉൾപ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങൾ ജപ്തി നടപടികൾ തൽക്കാലത്തേക്ക് നിർത്തിവയ്ക്കാൻ തയ്യാറാകണം. എസ്എസ്എൽസിയ്ക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ അഭിരാമി മിടുക്കിയായ വിദ്യാർഥി ആയിരുന്നു. ഒരു കുടുംബത്തിന്റെ പ്രതീക്ഷയാണ് ഒരു നിമിഷം കൊണ്ട് പൊലിഞ്ഞത്. അഭിരാമിയെ പോലെ ഇനിയൊരാൾ ഉണ്ടാകരുത്. സർക്കാരിന്റെ ഭാഗത്ത് നിന്ന് ഇക്കാര്യത്തിൽ ഉചിതമായ നടപടികൾ ഉണ്ടാകണമെന്ന് അഭ്യർഥിക്കുന്നു.

പണമടയ്ക്കാൻ സാവകാശം തേടിയെങ്കിലും അനുവദിക്കാതെയായിരുന്നു വീട്ടിൽ ജപ്തി നോട്ടീസ് പതിച്ച കേരള  ബാങ്ക് നടപടിയെന്ന് കൊല്ലത്ത് ആത്മഹത്യ ചെയ്ത അഭിരാമിയുടെ അച്ഛൻ പറഞ്ഞു. വീടിന് മുന്നിൽ തന്നെ ബോർഡ് വച്ചതിൽ വലിയ മാനസിക വിഷമത്തിലായിരുന്നു മകൾ. ബോര്‍ഡ് ഇളക്കി കളയാന്‍ മകള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ബാങ്കില്‍ പോയി ഇളവ് ചോദിക്കാമെന്ന് താന്‍ മകളോട് പറഞ്ഞു.പോയിട്ട് തിരിച്ചുവന്നപ്പോള്‍ മോളുടെ അവസ്ഥയിതാണ്. മോള്‍ക്ക് ചാവാന്‍ വേണ്ടിയാണോ വീടുണ്ടാക്കി വെച്ചത്. എന്തുനടപടി വേണമെങ്കിലും സര്‍ക്കാരിനി എടുക്കട്ടേയെന്നും അജികുമാര്‍ വേദനയോടെ പറയുന്നു.

നാലുവർഷം മുൻപ് വീട് പണിക്കായി അഭിരാമിയുടെ അച്ഛൻ അജികുമാർ കേരള ബാങ്കിന്‍റെ പാതാരം ശാഖയിൽ നിന്നും പതിനൊന്നര ലക്ഷം രൂപ വായ്പ എടുത്തിരുന്നു. കൊവിഡ് കാലത്ത് അജികുമാറിന്‍റെ ജോലി പോയി. അതോടെ തിരിച്ചടവ് മുടങ്ങി. കഴിഞ്ഞ മാർച്ചിൽ ഒന്നരലക്ഷം രൂപ അടച്ചു. ഇന്നലെ ഉച്ചയ്ക്ക് ബാങ്ക് ഉദ്യോഗസ്ഥർ വീട്ടിലെത്തി നോട്ടീസ് പതിപ്പിച്ചു. കോളേജിൽ നിന്ന് എത്തിയ അഭിരാമി നോട്ടീസ് കണ്ടതിനുശേഷം മുറിയിൽ കയറി കതകടച്ചു. തുറക്കാതായതോടെ അയൽവാസികളെത്തി കതക് ചവിട്ടിപ്പൊളിച്ച് അകത്ത് കയറിയപ്പോഴാണ് തൂങ്ങി മരിച്ച നിലയിൽ  കണ്ടെത്തിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe