ജമ്മു കശ്മീരിൽ ആക്രമണങ്ങൾ തടയാൻ സുരക്ഷാ സംവിധാനങ്ങൾ സാധ്യമായതെല്ലാം ചെയ്യണം: ഒമർ അബ്ദുള്ള

news image
Nov 3, 2024, 2:28 pm GMT+0000 payyolionline.in

ശ്രീന​ഗർ : ജമ്മു കശ്മീരിൽ ഉയർന്നുവരുന്ന ആക്രമണങ്ങൾ തടയാൻ സുരക്ഷാ സംവിധാനങ്ങൾ സാധ്യമായതെല്ലാം ചെയ്യണമെന്ന് ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള. എന്നാൽ മാത്രമെ ജനങ്ങൾക്ക് പേടിയില്ലാതെ ജീവിക്കാനാകുവെന്നും ഒമർ അബ്ദുള്ള എക്സിൽ പങ്കുവെച്ച കുറിപ്പിൽ അറിയിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കശ്മീർ താഴ്വരയിൽ ആക്രമണങ്ങളും വെടിവെയ്പ്പും റിപ്പോർട്ട് ചെയ്യുന്നുണ്ട്.

ഇന്ന് ശ്രീന​ഗറിലെ സൺഡേ മാർക്കറ്റിലുണ്ടായ ഗ്രനേഡ് ആക്രമണത്തിൽ 10 പേർക്ക് പരിക്കേറ്റിരുന്നു. ആക്രമണം ആഴത്തിൽ അസ്വസ്ഥതപ്പെടുത്തിയെന്നും നിരപരാധികളായ സാധാരണക്കാരെ ആക്രമിക്കുന്നത് ന്യായീകരിക്കാനാവില്ലെന്നും  ഒമർ അബ്ദുള്ള എക്സിൽ കുറിച്ചു.

ശ്രീന​ഗറിലെ ടൂറിസ്റ്റ് റിസപ്ഷൻ സെന്ററിന് സമീപമുള്ള സൺഡേ മാർക്കറ്റിലാണ് ഇന്ന് ​ഗ്രനേഡ് പൊട്ടിത്തെറിച്ചത്. പരിക്കേറ്റവരെ മഹാരാജ ഹരി സിങ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. 8 പുരുഷൻമാർക്കും 2 സ്ത്രീകൾക്കുമാണ് പരിക്കേറ്റത്. പൊലീസും അർധ സൈനിക വിഭാ​ഗവും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. ഭീകരാക്രമണ സാധ്യതയാണ് സംശയിക്കുന്നത്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe