ജമ്മു കശ്മീരിൽ ഒരു സൈനികനു കൂടി വീരമൃത്യു; ഭീകരരുടെ ഒളിത്താവളങ്ങൾ ഗ്രനേഡിട്ട് തകർത്തു

news image
Sep 15, 2023, 1:46 pm GMT+0000 payyolionline.in

ശ്രീനഗർ: ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയിൽ 50 മണിക്കൂറിലേറെയായി തുടരുന്ന, ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു സൈനികനു കൂടി വീരമൃത്യു. ഇന്നലെ മുതൽ കാണാതയ സൈനികനാണ് ജീവൻ നഷ്ടമായത്. കൊകോരെനാഗിലെ നിബിഡ വനങ്ങളിൽ ഭീകരരെ തുരത്താൻ സൈന്യവും ജമ്മു കശ്മീർ പൊലീസും ആരംഭിച്ച സംയുക്ത ഓപ്പറേഷനിടെ നേരത്തെ 3 ഉദ്യോഗസ്ഥർ വീരമൃത്യു വരിച്ചിരുന്നു. ഇതോടെ ഏറ്റുമുട്ടലിൽ മരിച്ച സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം നാലായി.

ബുധനാഴ്ച പുലർച്ചെയുണ്ടായ വെടിവയ്പ്പിൽ കരസേനയിലെ രണ്ടു ഉദ്യോഗസ്ഥരും ഒരു പൊലീസുകാരനുമാണ് വീരമൃത്യു വരിച്ചത്. കേണൽ മൻപ്രീത് സിങ്, മേജർ ആശിഷ് ധൻചോക്, ജമ്മു കശ്മീർ പൊലീസ് ഡപ്യൂട്ടി സൂപ്രണ്ട് ഹുമയൂൺ മുസാമിൽ ബട്ട് എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച രജൗറിയിൽ നടന്ന ഭീകരാക്രമണത്തിൽ രണ്ടു സൈനികർ വീരമൃത്യു വരിച്ചിരുന്നു.

അനന്ത്‌നാഗ് മേഖലയിൽ ഭീകരർക്കെതിരായ സംയുക്ത ഓപ്പറേഷനിൽ, ഭീകരരുടെ ഒളിത്താവളം എന്ന് സംശയിക്കുന്ന സ്ഥലങ്ങളിൽ ഡ്രോണുകൾ ഉപയോഗിച്ച് ഗ്രനേഡുകൾ വർഷിച്ചതായി സൈന്യം അറിയിച്ചു.. പ്രദേശത്ത് ഒളിച്ചിരിക്കുന്ന ഭീകരരുടെ സംഘത്തെ ലക്ഷ്യമിട്ട് ഗ്രനേഡ് ലോഞ്ചറുകളും സൈന്യം ഉപയോഗിക്കുന്നുണ്ട്.

സെപ്റ്റബർ 12-13 അർധരാത്രിയിലാണ് സൈന്യവും ജമ്മു കശ്മീർ പൊലീസും സംയുക്ത ഓപ്പറേഷൻ ആരംഭിച്ചത്. ഗരോൾ ഗ്രാമത്തിൽ ഭീകരർക്കായി തിരച്ചിൽ നടത്തിയിരുന്നു. വ്യാപകമായ തിരച്ചിലിനൊടുവിലാണു കൊകോരെനാഗിലെ നിബിഡവനത്തിന്റെ ഉയർന്ന ഭാഗങ്ങളിൽ ഭീകരർ ഒളിത്താവളത്തിലുണ്ടെന്ന നിഗമനത്തിലെത്തിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe