ശ്രീനഗർ ∙ ജമ്മു കശ്മീരിൽ ജയ്ഷെ മുഹമ്മദ് ആക്രമണത്തിനു പദ്ധതിയിടുന്നതായി ഇന്റലിജൻസ് റിപ്പോർട്ട്. ഇതിനു പിന്നാലെ കശ്മീരിൽ വ്യാപക ജാഗ്രതാ നിർദേശം നൽകി. പുൽവാമയിലും ചെങ്കോട്ടയിലും ഉപയോഗിച്ചതിനു സമാനമായി വാഹനത്തിൽ ഐഇഡി ഘടിപ്പിച്ചുള്ള ആക്രമണം ഉണ്ടായേക്കും എന്നാണ് റിപ്പോർട്ട്. തെക്കൻ കശ്മീർ മേഖലയിൽ അതീവ ജാഗ്രതാ നിർദേശമുണ്ട്.
ഡൽഹി, ജമ്മു കശ്മീർ, രാജസ്ഥാൻ, ഉത്തർപ്രദേശിലെ അയോധ്യ, ഗുജറാത്ത് എന്നിവിടങ്ങളിൽ ജയ്ഷെ ഭീകരർ ആക്രമണങ്ങൾക്ക് പദ്ധതിയിടുന്നുണ്ടെന്ന് നേരത്തേ നൽകിയിരുന്ന മുന്നറിയിപ്പുകളുടെ തുടർച്ചയായാണ് നിലവിലെ മുന്നറിയിപ്പ്. പരിചിതമല്ലാത്തതോ ഉപേക്ഷിക്കപ്പെട്ടതോ ആയ നിലയില്‍ വാഹനങ്ങൾ കണ്ടെത്തിയാല്‍ അതീവ ജാഗ്രത വേണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. മുന്നറിയിപ്പിനെ തുടര്‍ന്ന് ചെക്ക് പോയിന്റുകളിലും സംസ്ഥാന അതിര്‍ത്തി പ്രദേശങ്ങളിലും കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്
2019 ല്‍ പുല്‍വാമയില്‍ സൈനികവ്യൂഹം സഞ്ചരിക്കുന്നതിനിടെയാണ് ജയ്ഷെ ഭീകരര്‍ ചാവേറാക്രമണം നടത്തിയത്. മാരുതി എക്കോ കാറില്‍ ഐഇഡി ഘടിപ്പിച്ചായിരുന്നു സിആര്‍പിഎഫ് ജവാന്മാര് സഞ്ചരിച്ചിരുന്ന ബസിലേക്ക് ഭീകരര്‍ ഇടിച്ചു കയറ്റിയത്. 40 സിആര്‍പിഎഫ് ജവാന്മാരാണ് അന്ന് വീരമൃത്യു വരിച്ചത്
