ശ്രീനഗര്‍: ജമ്മു കശ്മീരിൽ ഭീകര വിരുദ്ധ നടപടികൾ ശക്തമാക്കി സൈന്യം. കശ്മീരിൽ കഴിഞ്ഞ 48 മണിക്കൂറിനിടെ രണ്ട് സുപ്രധാന ഓപ്പറേഷനുകളാണ് സൈന്യം വിജയകരമായി പൂര്‍ത്തിയാക്കിയത്. 6 ഭീകരരെ വധിക്കുകയും ചെയ്തു. വാര്‍ത്താസമ്മേളനത്തിൽ ജിഒസി വിക്ടര്‍ ഫോഴ്സ് മേജര്‍ ജനറൽ ധനഞ്ജയ് ജോഷിയാണ് ഇക്കാര്യം അറിയിച്ചത്. ‘സിആര്‍പിഎഫ്, സൈന്യം, ജമ്മു കശ്മീര്‍ പൊലീസ് എന്നിവര്‍ സംയുക്തമായാണ് 2 ഓപ്പറേഷനുകളും നടത്തിയത്. ഷോപ്പിയാനിലെ കെല്ലാര്‍, പുൽവാമയിലെ ത്രാൽ എന്നിവിടങ്ങളിലാണ് ഓപ്പറേഷൻ നടത്തിയത്. ആറ് ഭീകരരെ വധിക്കാൻ കഴിഞ്ഞു. സുരക്ഷാ സേനയുടെ ഏകോപനമാണ് ഇത് സാധ്യമാക്കിയത്.’ മേജര്‍ ജനറൽ ധനഞ്ജയ് ജോഷി പറഞ്ഞു.
“കശ്മീർ താഴ്വരയിൽ ഭീകര പ്രവർത്തനങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ എല്ലാ സുരക്ഷാ സേനകളും അവരുടെ തന്ത്രങ്ങൾ അവലോകനം ചെയ്തു. ഈ അവലോകനത്തെ തുടർന്ന്, ഓപ്പറേഷനുകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തീരുമാനമായി. ഈ തീവ്രമായ ശ്രദ്ധയുടെയും ഏകോപനത്തിന്റെയും അടിസ്ഥാനത്തിൽ കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ ഞങ്ങൾ രണ്ട് വിജയകരമായ ഓപ്പറേഷനുകൾ നടത്തി. അതിൽ ഞങ്ങൾക്ക് കാര്യമായ നേട്ടം കൈവരിക്കാൻ കഴിഞ്ഞു. ഷോപ്പിയാൻ, ത്രാൽ മേഖലകളിലാണ് രണ്ട് ഓപ്പറേഷനുകളും നടത്തിയത്. ഇത് മൊത്തം ആറ് ഭീകരവാദികളെ വധിക്കുന്നതിൽ കലാശിച്ചു. കശ്മീർ താഴ്വരയിലെ ഭീകരത അവസാനിപ്പിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.” കശ്മീർ ഐജിപി വി കെ ബിർഡി പറഞ്ഞു.