ശ്രീനഗർ: ജമ്മു കശ്മീരിലെ അനന്ത്നാഗിൽ വനപ്രദേശത്ത് പട്രോളിങ് നടത്തുന്നതിനിടെ രണ്ട് സൈനികരെ കാണാതായി. ഇരുവരും സൈന്യത്തിന്റെ എലൈറ്റ് പാരാ യൂണിറ്റിലെ അംഗങ്ങളാണ്. കൊക്കർനാഗിലെ ഗാഡോൾ വനത്തിൽ പട്രോളിംഗ് ഡ്യൂട്ടിയിലായിരുന്ന സൈനികരുമായുള്ള ബന്ധം നഷ്ടപ്പെട്ടതായി സൈനിക ഉദ്യോഗസ്ഥർ അറിയിച്ചു. സൈനികരെ കണ്ടെത്താൻ തിരച്ചിൽ ആരംഭിച്ചു.
ചൊവ്വാഴ്ച രാത്രിയാണ് സൈനികരുമായുള്ള ബന്ധം നഷ്ടപ്പെട്ടത്. മോശം കാലാവസ്ഥയും മഞ്ഞുവീഴ്ചയും സൈനികർക്കായുനള്ള തിരച്ചിലിനെ പ്രതികൂലമായി ബാധിച്ചു. സൈനികരെ കാണാതായതിന് പിന്നിൽ തീവ്രവാദികളാണോ എന്ന കാര്യത്തിൽ സ്ഥിരീകരണമുണ്ടായിട്ടില്ല.
നിരന്തരം ഏറ്റുമുട്ടലുകളും ആക്രമണങ്ങളും റിപ്പോർട്ട് ചെയ്യുന്ന സ്ഥലമാണ് ഗാഡോൾ വനമേഖല. കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്ത വെടിവയ്പ്പിൽ രണ്ട് സൈനികരും ഒരു സാധാരണക്കാരനും കൊല്ലപ്പെട്ടിരുന്നു. രണ്ട് വർഷം മുമ്പ് ആർമി കമാൻഡിംഗ് ഓഫീസർ, മേജർ, ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് എന്നിവരുൾപ്പെടെ അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടിരുന്നു.