ജമ്മു കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പ്; 44 സ്ഥാനാർത്ഥികളുടെ പട്ടിക പുറത്തിറക്കിയ ശേഷം ഉടൻ വെട്ടിച്ചുരുക്കി ബിജെപി

news image
Aug 26, 2024, 9:46 am GMT+0000 payyolionline.in

ശ്രീനഗർ: ജമ്മു കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിലേക്കുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബിജെപി. 90 അംഗ നിയമസഭയിലേക്കുള്ള ആദ്യ ഘട്ട തെര‍ഞ്ഞെടുപ്പിലേക്ക് 15 സ്ഥാനാർത്ഥികളുടെ പട്ടികയാണ് പ്രസിദ്ധീകരിച്ചത്. ആദ്യം 45 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരുന്നെങ്കിലും ഉടൻ തന്നെ പിൻവലിക്കുകയായിരുന്നു. തുടർന്നാണ് 15 പേരുടെ മാത്രം പട്ടിക പുറത്തിറക്കിയത്. ദില്ലിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത് ഷാ,

സ്ഥാനാർത്ഥി പട്ടികയിൽ പാർട്ടിക്കുള്ളിൽ നിന്ന് തന്നെ ഉയർന്ന അതൃപ്തിയുടെ പശ്ചാത്തലത്തിലാണ് പട്ടിക പിൻവലിച്ചതെന്ന് സൂചനയുണ്ട്. 45 പേരുടെ പട്ടികയിൽ പ്രധാനപ്പെട്ട മൂന്ന് നേതാക്കളുടെ പേരുകൾ ഇല്ലാതിരുന്നതും ചർച്ചയായി. ജമ്മു കശ്മീർ ബിജെപി പ്രസിഡന്റ് രവീന്ദർ റെയ്ന, മുൻ ഉപമുഖ്യമന്ത്രിമാരായ നിർമൽ സിങ്, കവീന്ദർ ഗുപ്ത എന്നിവരുടെ അസാന്നിദ്ധ്യമാണ് ശ്രദ്ധിക്കപ്പെട്ടത്. അതേസമയം കേന്ദ്ര മന്ത്രി ഡോ. ജിതേന്ദ്ര സിങിന്റെ സഹോദരൻ ദേവേന്ദ്ര റാണ ആദ്യ പട്ടികയിൽ ഇടം പിടിച്ചിരുന്നു. നാഷണൽ കോൺഫറൻസിൽ നിന്ന് ബിജെപിയിൽ എത്തിയതാണ് അദ്ദേഹം.

44 പേരുടെ പട്ടികയിൽ രണ്ട് കശ്മീരി പണ്ഡിറ്റുകളും 14 മുസ്ലിം സ്ഥാനാർത്ഥികളുമുണ്ടായിരുന്നു. കോൺഗ്രസ്, നാഷണൽ കോൺഫറൻസ്, പിഡിപി, പാന്തേഴ്സ് പാ‍ർട്ടി എന്നിവയിൽ നിന്ന് ബിജെപിയിൽ ചേർന്ന നിരവധി നേതാക്കളും പട്ടികയിൽ ഇടം നേടി. എന്നാൽ ഈ പട്ടികയാണ് പുറത്തിറക്കി അധിക നേരം കഴിയുന്നതിന് മുമ്പ് റദ്ദാക്കിയത്. തുടർന്ന് ഒന്നാം ഘട്ട തെര‌ഞ്ഞെടുപ്പിലേക്ക് വേണ്ട സ്ഥാനാർത്ഥികളെ  മാത്രം ഉൾപ്പെടുത്തി പുതിയ പട്ടിക പുറത്തിറക്കി.

മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന ജമ്മു കശ്മീർ തെര‌ഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് സെപ്റ്റംബ‍ർ 19, 25, ഒക്ടോബർ 1 തീയ്യതികളാണ്. ഒക്ടോബർ നാലിന് വോട്ടെണ്ണും. 2019ൽ കേന്ദ്ര സർക്കാർ പ്രത്യേക പദവി എടുത്തുകള‌ഞ്ഞ് രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി മാറ്റിയ ശേഷമുള്ള ആദ്യത്തെ തെരഞ്ഞെടുപ്പ് കൂടിയാണ് നടക്കാനിരിക്കുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe