ആലപ്പുഴ: ആലപ്പുഴയിൽ ഗുണ്ടാനേതാവിന്റെ പിറന്നാൾ ആഘോഷം. ആലപ്പുഴ ജയിലിന് സമീപത്താണ് ഗുണ്ടാ നേതാവ് ഷാരോണിന്റെ പിറന്നാൾ ആഘോഷം നടന്നത്. ഒരാഴ്ച മുമ്പാണ് യുവാവിന് നേർക്ക് വടിവാൾ വീശിയ കേസിൽ ഷാരോൺ പിടിയിലായത്. ഈ കേസിൽ ജാമ്യം കിട്ടി പുറത്തിറങ്ങിയതിന് പിന്നാലെയാണ് പിറന്നാൾ ആഘോഷം നടത്തിയത്. ജയിലിൽ നിന്നും പുറത്തിറങ്ങിയ ഷാരോണിനെ സ്വീകരിക്കാൻ കാത്തുനിന്നത് നിരവധി ഗുണ്ടകളാണ്.
കഴിഞ്ഞ ഏഴാംതീയതി യുവാവിനെ വടിവാൾ കൊണ്ട് ആക്രമിക്കാൻ ശ്രമിക്കുകയും ഒപ്പം തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിലാണ് ഷാരോൺ പൊലീസിന്റെ പിടിയിലാകുന്നത്. ഇന്നലെയാണ് ജാമ്യം കിട്ടി പുറത്തിറങ്ങുന്നത്. ആലപ്പുഴ സബ്ജയിലിന് മുന്നിൽ നിരവധി ഗുണ്ടകളാണ് ഷാരോണിനെ സ്വീകരിക്കാൻ കാത്തുനിന്നത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഷാരോൺ. പിറന്നാൾ ആഘോഷത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിനെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.