തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽ ഫോൺ വിളിക്കാൻ തടവുകാരെ സഹായിച്ച ഡെപ്യൂട്ടി പ്രിസൺ ഓഫീസർ സന്തോഷിനെ സസ്പെൻഡ് ചെയ്തു. തടവുകാരെ ഫോൺ വിളിക്കാൻ സഹായിച്ചെന്ന് ചോദ്യം ചെയ്യലിൽ ഉദ്യോഗസ്ഥൻ മൊഴി നൽകുകയും കുറ്റസമ്മതം നടത്തുകയും ചെയ്തിട്ടുണ്ട്. ഫോൺ വിളിക്ക് സഹായിച്ചതിന്റെ പേരിൽ ഇയാൾ തടവുകാരിൽ നിന്ന് കൈക്കൂലി വാങ്ങിയതായും മൊഴിയിലുണ്ട്. സന്തോഷിന്റെ ഭാര്യയുടെ അക്കൗണ്ടിലേക്ക് തടവുകാരുടെ ബന്ധുക്കൾ 69000 രൂപ നിക്ഷേപിച്ചതായും വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. ജയിൽ ഉദ്യോഗസ്ഥനെ കേസിൽ പ്രതി ചേർക്കും.
കഴിഞ്ഞ മാസമാണ് കൊലക്കേസ് പ്രതി റിയാസ് ഉപയോഗിച്ച ഫോൺ പൂജപ്പുര ജയിലിൽ നിന്നും ജയിൽ ഉദ്യോഗസ്ഥർ പിടികൂടിയത്. 43 കോളുകൾ ഈ ഫോണിലേക്ക് വന്നിട്ടുണ്ടെന്ന് പൂജപ്പുര പൊലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തി. ഇതിൽ മൂന്നു കോളുകൾ ജയിൽ ഉദ്യോഗസ്ഥൻ സന്തോഷിൻ്റെതാണ്. കരുവാറ്റ സ്വദേശി ആദർശിന്റെ പേരിലെ സിമ്മാണ് ജയിലിൽ ഉപയോഗിച്ചിരിക്കുന്നത്. മറ്റൊരു തടവുകാരൻ രതീഷാണ് സിം ജയിൽ എത്തിച്ചത്. ജയിലിൽ ഫോൺ കടത്തിയ റിയാസിനെ കസ്റ്റഡിയിൽ വാങ്ങി അറസ്റ്റ് രേഖപ്പെടുത്തിയതായും പൊലീസ് അറിയിച്ചു.