തിരുവനന്തപുരം: കേരളത്തില്‍ നിന്നും ജര്‍മ്മനിയിലേക്കുളള നഴ്സിങ് റിക്രൂട്ട്മെന്റിനായുളള നോര്‍ക്ക റൂട്ട്സ് ട്രിപ്പിള്‍ വിന്‍ പദ്ധതിയുടെ അഞ്ചാം ഘട്ടത്തിലേക്ക് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർഥികള്‍ മാർച്ച് -നാലിനകം അപേക്ഷ നല്‍കേണ്ടതാണെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.
ജനറൽ നഴ്സിങ് അല്ലെങ്കിൽ ബി.എസ്.സി നഴ്സിങ് എന്നിവയാണ് അടിസ്ഥാന യോഗ്യത. ജനറൽ നഴ്സിങ് മാത്രം പാസായ ഉദ്യോഗാർഥികൾക്ക് മൂന്ന് വർഷത്തെ പ്രവർത്തി പരിചയം നിർബന്ധമാണ്. എന്നാൽ ബി.എസ്.സി നഴ്സിങ് ,പോസ്റ്റ് ബി എസ് സി നഴ്സിങ് എന്നിവ നേടിയ ഉദ്യോഗാർഥികൾക്ക് പ്രത്യേക തൊഴിൽ പരിചയം ആവശ്യമില്ല. ഉയർന്ന പ്രായപരിധി 39 വയസായിരിക്കും. അഞ്ചാം ഘട്ടത്തിലും 300 നഴ്സുമാർക്കാണ് അവസരം.
താത്പര്യമുള്ള നഴ്സിങ് പ്രൊഫഷണലുകള്‍ക്ക് [email protected] എന്ന ഇ-മെയില്‍ ഐഡിയിലേയ്ക്ക് വിശദമായ സി.വി, ജര്‍മ്മന്‍ ഭാഷായോഗ്യത (ഓപ്ഷണല്‍), വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍, പ്രവൃത്തി പരിചയമുള്‍പ്പെടെയുളള മറ്റ് അവശ്യരേഖകളുടെ പകര്‍പ്പുകള്‍ എന്നിവ സഹിതം അപേക്ഷ നല്‍കാവുന്നതാണ്. കേരളീയരായ ഉദ്യോഗാർഥികൾക്ക് മാത്രമാകും ട്രിപ്പിൽ പദ്ധതിയിലേക്ക് അപേക്ഷിക്കാനാവുക. ഇതിനോടകം ജര്‍മ്മന്‍ ഭാഷയില്‍ ബി ഒന്ന്, ബി രണ്ട് യോഗ്യത നേടിയവര്‍ക്ക് ഫാസ്റ്റ്ട്രാക്കിലൂടെ നിയമന സാധ്യതയുണ്ട്.
നോർക്ക റൂട്ട്സും ജർമ്മൻ ഫെഡറൽ എംപ്ലോയ്മെന്‍റ് ഏജൻസിയും ജർമ്മൻ ഏജൻസി ഫോർ ഇന്‍റർനാഷണൽ കോ-ഓപ്പറേഷനും സംയുക്തമായി നടപ്പാക്കുന്ന നഴ്സുമാരുടെ റിക്രൂട്ട്മെന്റ് പദ്ധതിയാണ് ട്രിപ്പിള്‍ വിന്‍. പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ജര്‍മ്മന്‍ ഭാഷയില്‍ എ ഒന്ന്, എ രണ്ട്, ബി ഒന്ന് വരെയുളള പരിശീലനം പൂർണമായും സൗജന്യമായിരിക്കും. തുടര്‍ന്ന് ജര്‍മ്മനിയില്‍ നിയമനത്തിനുശേഷം ജര്‍മ്മന്‍ ഭാഷയില്‍ ബി. രണ്ട് ലെവല്‍ പരിശീലനവും ലഭിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് www.norkaroots.org , www.nifl.norkaroots.org എന്നീ വെബ്ബ്സൈറ്റുകള്‍ സന്ദർശിക്കുക. അല്ലെങ്കില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കോള്‍ സർവീസ്) ബന്ധപ്പെടാവുന്നതാണ്.