കൊച്ചി: ജസ്റ്റിസ് ദേവൻ രാമചന്ദ്രനെതിരെ നടത്തിയ അപകീർത്തികരമായ പരാമർശത്തില്‍ എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് വി പി സാനുവിനെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ അപേക്ഷ. കൊല്ലം സ്വദേശിയായ അഭിഭാഷകനാണ് ഹൈക്കോടതി രജിസ്ട്രാർ ജനറലിന് അപേക്ഷ നൽകിയത്. കോടതിയലക്ഷ്യ നടപടിയ്ക്കനുമതി തേടി എജിക്കും അപേക്ഷ നൽകിയിട്ടുണ്ട്. ജഡ്ജിക്കെതിരായ പരാമർശം കോടതിയലക്ഷ്യപരമെന്നും നടപടി വേണമെന്നുമാണ് ആവശ്യം.
ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കേന്ദ്ര സർക്കാരിന് വിധേയപ്പെടുന്നുവെന്നായിരുന്നു സാനുവിന്റെ പരാമർശം. സുപ്രീംകോടതിയിലെ മുന്‍ ജഡ്ജിമാരേപ്പോലെ ദേവന് രാമചന്ദ്രന് കേന്ദ്ര സര്‍ക്കാരിന് വിധേയപ്പെട്ട് പ്രവര്‍ത്തിക്കുകയാണെന്നും അതുകൊണ്ടാണ് ഡിവിഷൻ ബെഞ്ച് അദ്ദേഹത്തിന്റെ ഇടത് വിരുദ്ധ ഉത്തരവുകൾ തിരുത്തുന്നതെന്നുമായിരുന്നു സാനു പറഞ്ഞത്. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ വിധിന്യായങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകുമെന്നും സ്ഥാനമാനങ്ങള്‍ക്ക് വേണ്ടിയാണോ ഇതെന്നത് വിരമിച്ച് കഴിഞ്ഞ് മാത്രമേ പറയാന്‍ കഴിയൂ എന്നും സാനു പറഞ്ഞിരുന്നു.