തിരുവനന്തപുരം: കലാകാരന്മാരെയും സാംസ്കാരിക നായകരെയും മറ്റും ക്ഷണിച്ചുവരുത്തി അപമാനിക്കുന്നത് ഒരു കലാലയത്തിനും ഭൂഷണമല്ലെന്ന് മന്ത്രി ആര് ബിന്ദു. മലയാള ഗാനശാഖയില്‍ നൂതനമായ ഒരു ധാരയ്ക്ക് രൂപം കൊടുത്ത ജാസി ഗിഫ്റ്റ് എന്ന അനുഗൃഹീത കലാകാരന് ഉണ്ടായ ദുരനുഭവത്തില്‍ ഖേദം രേഖപ്പെടുത്തുന്നുവെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞദിവസം കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജില്‍ വച്ചാണ് സംഭവമുണ്ടായത്. കോളേജ് ഡേ പരിപാടിയില്‍ പാടുന്നതിനിടെ ജാസി ഗിഫ്റ്റിന്റെ മൈക്ക് പ്രിന്‍സിപ്പാള്‍ പിടിച്ചു വാങ്ങുകയായിരുന്നു. ജാസി ഗിഫ്റ്റിനൊപ്പം കോറസ് പാടാന്‍ പുറമെ നിന്ന് മറ്റൊരു പാട്ടുകാരനെ എത്തിച്ചിരുന്നു. എന്നാല്‍ ഉദ്ഘാടകന്‍ ആയ ജാസി ഗിഫ്റ്റിന് മാത്രം പാടാനാണ് അനുമതി നല്‍കിയിരുന്നതെന്ന് പ്രിന്‍സിപ്പാള്‍ നിലപാടെടുത്തു. മൈക്ക് പിടിച്ച് വാങ്ങിയതോടെ പ്രിന്‍സിപ്പാളിന്റെ നടപടിയില്‍ പ്രതിഷേധിച്ച് ജാസി ഗിഫ്റ്റ് വേദി വിട്ട് ഇറങ്ങിപ്പോവുകയായിരുന്നു.
പ്രിന്‍സിപ്പാളിന്റെ നടപടി വിഷമമുണ്ടാക്കിയെന്ന് ജാസി ഗിഫ്റ്റ് പ്രതികരിച്ചിരുന്നു. ഒരു കലാകാരനെയും ഇങ്ങനെ അപമാനിക്കരുത്. പാട്ടുകാരനൊപ്പം കോറസ് പാടാന്‍ സാധാരണ ആളുകളെത്തും. എന്നാല്‍ ഇക്കാര്യമൊന്നും നോക്കാതെയാണ് പ്രിന്‍സിപ്പാള്‍ തന്റെ കയ്യില്‍ നിന്നും മൈക്ക് പിടിച്ചുവാങ്ങിയത്. കാലാകാരനെന്ന നിലയില്‍ ഇത് അപമാനിക്കലാണെന്നും ജാസി ഗിഫ്റ്റ് പ്രതികരിച്ചു. എന്നാല്‍, പുറത്ത് നിന്നുള്ള ആളുകളുടെ സംഗീത നിശ കോളേജിനകത്ത് നടത്തുന്നതിന് നിയന്ത്രണങ്ങളുണ്ടെന്നും ഇക്കാര്യം മൈക്ക് വാങ്ങി പറയുക മാത്രമാണ് ചെയ്തതെന്നുമാണ് പ്രിന്‍സിപ്പാളിന്റെ വിശദീകരണം.