റാഞ്ചി: ജാര്‍ഖണ്ഡില്‍ വിവിധയിടങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ പരിശോധനയില്‍ കോടിക്കണക്കിന് കള്ളപ്പണം പിടികൂടി. ജാര്‍ഖണ്ഡ് ഗ്രാമവികസന മന്ത്രി അലംഗീര്‍ അലന്റെ പേഴ്‌സണല്‍ സെക്രട്ടറി സഞ്ജിവ് ലാലിന്റെ വസതിയില്‍ നടത്തിയ റെയ്ഡില്‍ 25 കോടിയിലേറെ രൂപയാണ് പിടികൂടിയത്. പിടികൂടിയ നോട്ടുകെട്ടുകള്‍ ഇപ്പോഴും എണ്ണിത്തീര്‍ന്നിട്ടില്ലെന്നാണ് വിവരം. ഏതാണ്ട് 30 കോടിയിലേറെ രൂപ ഉണ്ടാകുമെന്നാണ് ഇ.ഡിയുടെ കണക്കുക്കൂട്ടൽ.
പിടികൂടിയ നോട്ടുകെട്ടുകളിൽ നല്ലൊരു ഭാഗവും അഞ്ഞൂറിന്റേതാണ്. പണത്തിനു പുറമെ സ്വർണാഭരണങ്ങളും പിടികൂടിയിട്ടുണ്ട്. ജാര്‍ഖണ്ഡ് ഗ്രാമവികസന വകുപ്പിലെ പദ്ധതി നടത്തിപ്പിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് ഇ.ഡി റെയ്ഡ് നടന്നത്. വകുപ്പ് മേധാവി വീരേന്ദ്ര കെ റാം കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ കേസില്‍ അറസ്റ്റിലായിരുന്നു.