കോഴിക്കോട്: ജില്ലയിൽ നിപ വൈറസ് ബാധ സംശയിക്കുന്ന സാഹചര്യത്തിൽ മാസ്ക് ധരിക്കുന്നതാണ് ഉചിതമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. മറ്റ് കാര്യങ്ങൾ ഇന്ന് വൈകീട്ട് പുനെ വൈറോളജി ലാബിൽ നിന്നുള്ള സാംപിൾ പരിശോധന ഫലം വന്ന ശേഷം അതിനനുസരിച്ച് തീരുമാനിക്കാമെന്നും മന്ത്രി പറഞ്ഞു. കലക്ടറേറ്റിൽ ചേർന്ന അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
വ്യാജവാര്‍ത്തകളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കരുതെന്ന് മന്ത്രി അഭ്യർഥിച്ചു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കോഴിക്കോട് കണ്ട്രോള് റൂം ആരംഭിക്കും. മരിച്ച വ്യക്തികളുടെ പ്രാഥമിക സമ്പർക്കപ്പട്ടികയിൽ 75 പേരാണ് ഉൾപ്പെട്ടത്.
സമ്പർക്കപ്പട്ടികയിലുള്ളവർ വീടുകളിൽ ഐസൊലേഷനിൽ കഴിയണം. ലക്ഷണങ്ങളുള്ളവരെ പ്രത്യേക ഐസൊലേഷൻ വാർഡുകളിലേക്ക് മാറ്റും. ചികിത്സ ആവശ്യമുള്ളവരെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റും.
ആശുപത്രികളിൽ പകര്‍ച്ചവ്യാധി നിയന്ത്രണ സംവിധാനവും പെരുമാറ്റച്ചട്ടവും നടപ്പിലാക്കും. അനാവശ്യ ആശുപത്രി സന്ദർശനങ്ങൾ ഈ സാഹചര്യത്തിൽ ഒഴിവാക്കണമെന്ന് മന്ത്രി പറഞ്ഞു.