കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ ഇത്തവണ ഏറ്റവും ഉയർന്ന ഭൂരിപക്ഷം പി.എ. മുഹമ്മദ് റിയാസിന് ലഭിക്കുമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി എം. മെഹബൂബ്. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമുള്ള സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ 13 സീറ്റുകളിലും എൽ.ഡി.എഫ് വിജയിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
നാദാപുരം, കുറ്റ്യാടി, കോഴിക്കോട് സൗത്ത് മണ്ഡലങ്ങളിൽ തിരഞ്ഞെടുപ്പിന് രണ്ട് ദിവസം മുമ്പ് വരെ കടുത്ത മത്സരം അനുഭവപ്പെട്ടിരുന്നെങ്കിലും പിന്നീട് സാഹചര്യം അനുകൂലമായി മാറിയെന്ന് മെഹബൂബ് വിലയിരുത്തി. പേരാമ്പ്രയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ഫാത്തിമ തഹ്ലിയ ജമാഅത്തെ ഇസ്ലാമിയുടെ നോമിനിയാണെന്നും അവർക്കായി വെൽഫെയർ പാർട്ടി പ്രത്യേക കൺവെൻഷൻ നടത്തിയെന്നും അദ്ദേഹം ആരോപിച്ചു. ജില്ലയിൽ മറ്റൊരിടത്തും കാണിക്കാത്ത ആവേശം പേരാമ്പ്രയിൽ ജമാഅത്തെ ഇസ്ലാമി കാണിച്ചു. ഫാത്തിമ തഹ്ലിയക്കായി ജമാഅത്തെ ഇസ്ലാമി സ്ക്വാഡുകൾ നേരിട്ട് രംഗത്തിറങ്ങിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മുസ്ലിം വോട്ടുകൾ ഏകീകരിക്കാൻ യു.ഡി.എഫ് ശ്രമം നടത്തിയെങ്കിലും അത് വിജയിച്ചില്ല. എൽ.ഡി.എഫിനെ പിന്തുണയ്ക്കുന്ന മുസ്ലിം വോട്ടർമാരെപ്പോലും സ്വാധീനിക്കാൻ ഇവർ ശ്രമിച്ചുവെന്നും മെഹബൂബ് പറഞ്ഞു. എസ്.ഡി.പി.ഐ വോട്ടുകൾ എൽ.ഡി.എഫിന് ലഭിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജില്ലയിലെ രാഷ്ട്രീയ സാഹചര്യം ഇടതുപക്ഷത്തിന് പൂർണ്ണമായും അനുകൂലമാണെന്നാണ് സി.പി.എം വിലയിരുത്തൽ.
