ഉത്തര്‍പ്രദേശിലെ ലക്നൗ ജില്ലാ ജയിലിലെ പരിശോധനയിൽ എച്ച്.ഐ.വി ബാധ സ്ഥിരീകരിച്ചത് 63 പേർക്ക്; വിശദീകരണവുമായി ഉദ്യോഗസ്ഥർ

news image
Feb 5, 2024, 10:05 am GMT+0000 payyolionline.in

ലക്നൗ: ഉത്തര്‍പ്രദേശിലെ ലക്നൗ ജില്ലാ ജയിലിൽ 63 പേര്‍ക്ക് എച്ച്.ഐ.വി അണുബാധയുണ്ടെന്ന് അധികൃതരുടെ സ്ഥിരീകരണം. ഏറ്റവും ഒടുവിൽ ഇക്കഴിഞ്ഞ ഡിസംബറിൽ നടത്തിയ മെഡിക്കൽ പരിശോധനയിൽ 36 പേര്‍ക്ക് കൂടി എച്ച്.ഐ.വി ബാധ സ്ഥിരീകരിക്കുകയായിരുന്നു. തടവുകാര്‍ക്കിടയിൽ പരിശോധന നടത്തുന്നതിന് ആവശ്യമായ ടെസ്റ്റിങ് കിറ്റുകൾ ലഭ്യമാവുന്നില്ലെന്നും ഇത് കാരണം പരിശോധന വൈകുന്നെന്നും കഴിഞ്ഞ സെപ്റ്റംബര്‍ മുതൽ അധികൃതര്‍ പരാതിപ്പെട്ടിരുന്നു. പിന്നീടാണ് ഡിസംബറിൽ പരിശോധന നടന്നത്.

 

എച്ച്.ഐ.വി സ്ഥിരീകരിക്കപ്പെട്ട തടവുകാരിൽ ഭൂരിപക്ഷം പേരും മയക്കുമരുന്ന് ഉപയോഗിച്ചിരുന്നവരാണെന്നും ജയിൽ അധികൃത‍ർ വിശദീകരിക്കുന്നു. ജയിലിന് പുറത്തുവെച്ച് മയക്കുമരുന്ന് ഉപയോഗത്തിനായി ഇവര്‍ ഉപയോഗിച്ചിരുന്ന സിറിഞ്ചുകളിലൂടെയാണ് രോഗം പകര്‍ന്നതെന്നാണ് ജയിൽ അധികൃതരുടെ അനുമാനം. ജയിലിൽ പ്രവേശിച്ച ശേഷം ആര്‍ക്കും എച്ച്.ഐ.വി ബാധയേറ്റിട്ടില്ലെന്നും അധികൃതര്‍ വിശദീകരിക്കുന്നു.

 

എച്ച്.ഐ.വി പോസിറ്റീവാണെന്ന് സ്ഥിരീകരിക്കപ്പെട്ട എല്ലാ തടവുകാര്‍ക്കും ലക്നൗവിലെ ഒരു ആശുപത്രിയിൽ ചികിത്സ ലഭ്യമാക്കുന്നുണ്ട്. ഇവരുടെ ആരോഗ്യസ്ഥിതി നിരീക്ഷിച്ചുവരികയാണ്. രോഗബാധിതരുടെ എണ്ണത്തിൽ വലിയ വര്‍ദ്ധനവുണ്ടായെങ്കിലും കഴിഞ്ഞ അഞ്ച് വര്‍ഷമായി ഇവിടെ ആരും എച്ച്.ഐ.വി ബാധിതരായി മരിച്ചിട്ടില്ലെന്നും നിലവിൽ രോഗികളുടെ ക്ഷേമം ഉറപ്പാക്കാനും രോഗബാധ ജയിലിന് പുറത്തേക്ക് വ്യാപിപ്പിക്കാതിരിക്കാനുമുള്ള നടപടികള്‍ സ്വീകരിക്കുന്നതായാണ് അധികൃതര്‍ അവകാശപ്പെടുന്നത്.

 

അതേസമയം ജയിലിൽ എച്ച്.ഐ.വി രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്നത് ജയിലിലെ മൊത്തത്തിലുള്ള ആരോഗ്യ, സുരക്ഷാ നടപടികളെക്കുറിച്ച് ചോദ്യങ്ങൾ ഉയര്‍ത്തുന്നുണ്ട്. വൈറസിന്റെ ഉറവിടം സംബന്ധിച്ചും അതിന്റെ തുടര്‍ വ്യാപനം തടയുന്നതിനും അധികൃതര്‍ ശക്തമായ നടപടികള്‍  സ്വീകരിക്കണമെന്ന ആവശ്യങ്ങളും ഉയര്‍ന്നിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe