ജി20 ഉച്ചകോടി: മൂന്ന് ദിവസം കൊണ്ട് വ്യാപാരമേഖലക്ക് നഷ്ടം 400 കോടി

news image
Sep 12, 2023, 7:43 am GMT+0000 payyolionline.in

ദില്ലി: ജി20 ഉച്ചകോടി മൂലം കടകൾ അടച്ചിട്ടതിനാൽ കോടികളുടെ നഷ്ടമെന്നു വിലയിരുത്തൽ. മൂന്നു ദിവസം കൊണ്ട് വ്യാപാര മേഖലയിൽ നഷ്ടമുണ്ടായത് 400 കോടിയോളം രൂപയാണെന്നാണ് വ്യാപാരികള്‍ പറയുന്നത്. ഓൺലൈൻ വ്യാപാരത്തിലടക്കം കനത്ത പ്രതിസന്ധി നേരിട്ടെന്നും വ്യാപാരികൾ സൂചിപ്പിക്കുന്നു. ജി20 ഉച്ചകോടി നടക്കുന്നതിനാല് എട്ടാം തിയതി മുതൽ പത്താം തിയതി വരെ ദില്ലി ലോക്കഡൗണിന് സമാനമായ നിലയിലായിരുന്നു. തട്ടുകടകൾ മുതല്‍ ഹോട്ടലുകളും ഷോപ്പിംഗ് മാളുകളും വരെ അടഞ്ഞു കിടന്നു.

സാധാരണ ദിവസവും 100 കോടി രൂപയ്ക്ക് മുകളിൽ വ്യാപാരം നടക്കുന്ന കൊണാട്ട് പ്ലെയ്സ്, ഖാൻ മാർക്കറ്റ്, ജൻപഥ് എന്നീയിടങ്ങൾ മൂന്നു ദിവസം ആളനക്കമില്ലാതെ കിടന്നു. ഈ അടച്ചിടൽ ദില്ലിയിലെ വ്യാപാരമേഖലയിൽ ഉണ്ടാക്കിയത് 400 കോടിയോളം രൂപയുടെ നഷ്ടമാണെന്നാണ് കണക്കുകൾ പറയുന്നത്. വാരാന്ത്യമായതും ഈ നഷ്ടത്തിന് ആക്കം കൂട്ടി. ഓൺലൈൻ ഫുഡ് ഡെലിവറിക്കും നിയന്ത്രണമുണ്ടായിരുന്നു. തുച്ഛമായ വേതനത്തിനായി പൊരിവെയിലിലും രാത്രി വൈകിയും കഷ്ടപ്പെടുന്ന ഡെലിവറി ജീവനക്കാര്‍ക്ക് തുച്ഛമായ പ്രതിഫലം മാത്രമാണ് ലഭിച്ചത്.

രാജ്യം ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുമ്പോൾ തങ്ങളുടെ കച്ചവടവും മെച്ചപ്പെടുമെന്ന് കച്ചവടക്കാർ പ്രതീക്ഷിച്ചെങ്കിലും കനത്ത നഷ്ടമാണ് സംഭവിച്ചത്. ജി20 ഉച്ചകോടി വലിയ വിജയമായപ്പോഴും മൂന്നു ദിവസത്തെ അടച്ചിടൽ മൂലമുണ്ടായ നഷ്ടം എങ്ങനെ തരണം ചെയ്യുമെന്ന ആശങ്കയിലാണ് ദില്ലി നഗരത്തിലെ കച്ചവടക്കാർ

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe