കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ചെയ്ത സഹായങ്ങൾ വാർത്താ ചാനലിനോട് പറഞ്ഞ മൃഗാശുപത്രി താൽകാലിക ജീവനക്കാരിയെ ജോലിയിൽ നിന്ന് പുറത്താക്കിയ സംഭവത്തിൽ പ്രതിഷേധം ശക്തം. എം.എൽ.എയുമായ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ നേതൃത്വത്തിൽ കോൺഗ്രസ് നേതാവ് പിരിച്ചുവിടപ്പെട്ട സതിയമ്മയെ സന്ദർശിച്ചു. കൂടാതെ, മൃഗസംരക്ഷണ വകുപ്പ് ജില്ല അധികൃതരുമായി തിരുവഞ്ചൂർ ഫോണിൽ സംസാരിച്ചു.
ജീവനക്കാരിയെ പിരിച്ചുവിട്ട സംഭവത്തിൽ ശക്തമായ പ്രതിഷേധമുണ്ടെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു. ഉമ്മൻചാണ്ടി ചെയ്ത നല്ല കാര്യങ്ങൾ പറഞ്ഞതിനാണ് പാവപ്പെട്ട സ്ത്രീക്ക് ജോലി നഷ്ടപ്പെട്ടത്. ഇത് ശരിയായ നടപടിയല്ല. സതിയമ്മക്കൊപ്പം യു.ഡി.എഫ് ഉണ്ടാകും. മുകളിൽ നിന്നുള്ള നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥൻ നടപടി സ്വീകരിച്ചതെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ വ്യക്തമാക്കി.
സതിയമ്മയുടെ വീട് സന്ദർശിച്ചപ്പോൾ തിരുവഞ്ചൂർ രാധാകൃഷ്ണനൊപ്പം എം.എൽ.എമാരായ പി.സി വിഷ്ണുനാഥ്, എം. വിൻസെന്റ്. ജെബി മേത്തർ എം.പി, ഉമ്മൻചാണ്ടിയുടെ മകൾ മറിയാമ്മ എന്നിവരും ഉണ്ടായിരുന്നു.
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ചെയ്ത സഹായം വാർത്താ ചാനലിനോട് പറഞ്ഞ മൃഗാശുപത്രിയിലെ താൽകാലിക ജീവനക്കാരിയെ ജോലിയിൽ നിന്ന് പുറത്താക്കിയെന്നാണ് പരാതി. കൈതേപ്പാലം മൃഗാശുപത്രിയിൽ സ്വീപ്പറായി ജോലി ചെയ്തിരുന്ന പുതുപ്പള്ളി പള്ളികിഴക്കേതിൽ പി.ഒ സതിയമ്മയെയാണ് ജോലിയിൽ നിന്ന് പുറത്താക്കിയത്. 11 വർഷമായി ചെയ്ത് വന്നിരുന്ന ജോലിയാണ് 52കാരിയായ സതിയമ്മക്ക് നഷ്ടമായത്.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനെ കുറിച്ച് ചാനൽ റിപ്പോർട്ടർ മണ്ഡലത്തിലെ വോട്ടർമാരുടെ പ്രതികരണം തേടിയിരുന്നു. ഇതിനിടെ സതിയമ്മയോടും ഉമ്മൻചാണ്ടിയെ കുറിച്ച് ചോദിച്ചു. മകൻ രാഹുൽ വാഹനാപകടത്തിൽ മരിച്ചപ്പോൾ ഉമ്മൻചാണ്ടി നേരിട്ട് ഇടപെട്ട് സഹായങ്ങൾ ചെയ്തതും മകളുടെ വിവാഹത്തിൽ മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹം പങ്കെടുത്തും കാമറക്ക് മുമ്പിൽ സതിയമ്മ വിശദീകരിച്ചു. ഉമ്മൻചാണ്ടി ചെയ്ത സഹായത്തിന് നന്ദിയായി ചാണ്ടി ഉമ്മന് ഇത്തവണ വോട്ട് ചെയ്യുമെന്നും അവർ വ്യക്തമാക്കി.
സതിയമ്മയുടെ പ്രതികരണം ഞായറാഴ്ച ചാനൽ സംപ്രേക്ഷണം ചെയ്യുകയും ചെയ്തു. തിങ്കളാഴ്ച ജോലിക്കെത്തിയപ്പോൾ മൃഗസംരക്ഷണ വകുപ്പ് ജില്ല ഡെപ്യൂട്ടി ഡയറക്ടർ ഫോണിൽ വിളിച്ച് ഇനി ജോലിക്ക് കയറേണ്ടെന്ന് അറിയിക്കുകയായിരുന്നു. തന്നെ ഒഴിവാക്കാൻ മുകളിൽ നിന്ന് സമ്മർദമുണ്ടെന്ന സൂചനയിലാണ് വിവരം ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചതെന്നും സതിയമ്മ പറയുന്നു.
വൈക്കത്തെ പ്രാദേശിക മൃഗസംരക്ഷണ കേന്ദ്രം വഴിയാണ് സ്വീപ്പറായി സതിയമ്മ ജോലിയിൽ പ്രവേശിച്ചത്. നാല് വർഷത്തിന് ശേഷം കുടുംബശ്രീ വഴി കൈതേപ്പാലം മൃഗാശുപത്രിയിൽ 8000 രൂപ മാസ വേതനത്തിന് ജോലിയിൽ കയറി. എൽ.ഡി.എഫ് ഭരിക്കുന്ന പുതുപ്പള്ളി പഞ്ചായത്തിന് കീഴിലാണ് കൈതേപ്പാലം മൃഗാശുപത്രി.
തടിപ്പണിക്കാരനായിരുന്ന രാധാകൃഷ്ണൻ അസുഖത്തെ തുടർന്ന് ജോലിക്ക് പോകുന്നില്ല. അതിനാൽ കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു സതിയമ്മക്ക് ലഭിക്കുന്ന വരുമാനം. എന്നാൽ, പിരിച്ചുവിടൽ വാർത്തയായതിന് പിന്നാലെ വിശദീകരണവുമായി ജില്ല ഡെപ്യൂട്ടി ഡയറക്ടർ രംഗത്തെത്തി. സതിയമ്മയുടെ ഊഴം കഴിഞ്ഞതിനാലാണ് പിരിച്ചുവിട്ടതെന്നാണ് വിശദീകരണം.