ജീവനക്കാർക്ക് ഹെൽത്ത് കാർഡ്: സമയപരിധി 15 വരെ നീട്ടി

news image
Feb 1, 2023, 3:12 am GMT+0000 payyolionline.in

തിരുവനന്തപുരം ∙ തട്ടുകടകളും ബേക്കറികളും ഉൾപ്പെടെ ഭക്ഷണം പാചകം ചെയ്തു വിൽക്കുന്ന സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഹെൽത്ത് കാർഡ് നിർബന്ധമാക്കുന്നതിനുള്ള സമയപരിധി ഫെബ്രുവരി 15വരെ നീട്ടി. ഭക്ഷണ പാഴ്സലുകളിൽ തയാറാക്കിയ സമയവും ഉപയോഗിക്കേണ്ട സമയപരിധിയും വ്യക്തമാക്കുന്ന സ്ലിപ്പോ, സ്റ്റിക്കറോ വേണമെന്ന നിബന്ധന ഇന്നു മുതൽ കർശനമാക്കുംകാർഡ് ഇല്ലാത്ത ജീവനക്കാരുള്ള സ്ഥാപനങ്ങൾ ഇന്നു മുതൽ പൂട്ടുമെന്നുമാണു മന്ത്രി വീണാ ജോർജ് പ്രഖ്യാപിച്ചിരുന്നത്. ഹെൽത്ത് കാർഡ് എടുക്കാനുള്ള ആളുകളുടെ തിരക്കു പരിഗണിച്ചു കൂടുതൽ സമയം അനുവദിക്കണമെന്ന സ്ഥാപന ഉടമകളുടെ ആവശ്യവും പരിഗണിച്ചാണു സാവകാശം അനുവദിക്കുന്നതെന്നു മന്ത്രി പറഞ്ഞു. എല്ലാ റജിസ്റ്റേഡ് മെഡിക്കൽ പ്രാക്ടിഷണർമാരും ആവശ്യമായ പരിശോധനകൾ നടത്തി ഉടൻ ഹെൽത്ത് കാർഡ് നൽകണം. ഹെൽത്ത് കാർഡ് എടുക്കാത്തവർക്കെതിരെ ഫെബ്രുവരി 16 മുതൽ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

 

ഇന്നു മുതൽ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധന ശക്തമാക്കും. ഹെൽത്ത് കാർഡ് ഇല്ലാത്തവരോടു 15ന് അകം കാർഡ് ഹാജരാക്കണമെന്നു നിർദേശിക്കും. ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർക്കു പുറമേ ആരോഗ്യ വകുപ്പിലെ ഹെൽത്ത് ഇൻസ്പെക്ടർമാരും ഇന്നു മുതൽ പരിശോധന ആരംഭിക്കും. ഹെൽത്ത് ഇൻസ്പെക്ടർമാർ ശുചിത്വവും ഹെൽത്ത് കാർഡും പരിശോധിക്കും. മാർക്കറ്റുകൾ, ചെക്ക് പോസ്റ്റുകൾ എന്നിവിടങ്ങളിലും പൊതുജനങ്ങളുടെ പരാതി അനുസരിച്ചും അപ്രതീക്ഷിത പരിശോധനകൾ നടത്താൻ തീരുമാനിച്ചിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe