ജീവിതത്തിൽ ഇതുവരെ മദ്യപിച്ചിട്ടില്ല, ജോലിക്കെത്തിയപ്പോൾ പണികിട്ടി; ഊതിയൂതി ഷിദീഷ് മദ്യപനായി !

news image
Mar 31, 2025, 12:08 pm GMT+0000 payyolionline.in

കോഴിക്കോട് ∙ ഇതുവരെ മദ്യപിക്കാത്ത ഡ്രൈവർ കെഎസ്ആർടിസി ബ്രെത്തലൈസറിൽ മദ്യപനായി. ഇതോടെ, ഡ്യൂട്ടി നൽകാനാകില്ലെന്നു കെഎസ്ആർടിസി ഡിപ്പോ അധികൃതർ. ഒടുവിൽ ഇന്നു ഡ്യൂട്ടിക്കെത്താനും അടുത്ത ദിവസം എംഡിയുമായി നേരിൽ കാണാനും ഡ്രൈവർക്കു നിർദേശം. ഇന്നലെ രാവിലെ 7 ന് കോഴിക്കോട് – മാനന്തവാടി റൂട്ടിൽ സർവീസിനു ഡ്യൂട്ടിക്കെത്തിയ കോഴിക്കോട് ഡിപ്പോ ഡ്രൈവർ ആർഇസി മലയമ്മ സ്വദേശി ടി.കെ.ഷിദീഷിയെയാണു ബ്രെത്തലൈസർ ചതിച്ചത്.

രാവിലെ 6.15 ന് പാവങ്ങാട് ഡിപ്പോയിൽ എത്തിയ ഷിദീഷ് ബസ് കോഴിക്കോട് സ്റ്റാൻഡിൽ എത്തിച്ചു. തുടർന്നു മാനന്തവാടിയിലേക്കു യാത്ര പുറപ്പെടും മുൻപ് ഷിദീഷിനെ ഊതിച്ചപ്പോൾ 9 പോയിന്റ് റീഡിങ് കണ്ടു. താൻ ജീവിതത്തിൽ ഇതുവരെ മദ്യപിച്ചില്ലെന്നും കഴിഞ്ഞ ദിവസം ഹോമിയോ മരുന്നു കഴിച്ചതായും ഷിദീഷ് പറഞ്ഞെങ്കിലും ഡ്യൂട്ടി നിഷേധിച്ചു. മദ്യപിച്ചില്ലെന്നു തെളിയിക്കാൻ ശ്രമിച്ചിട്ടും ഉദ്യോഗസ്ഥർ വിസമ്മതിച്ചതായും പരാതിയുണ്ട്.

സ്റ്റാൻഡിൽ ബഹളമായതോടെ നടക്കാവ് പൊലീസ് സ്ഥലത്തെത്തി. 30 പോയിന്റോ അതിലധികമോ ഉണ്ടെങ്കിലേ മദ്യപിച്ചതിനു തുടർ നടപടിയെടുക്കാൻ കഴിയൂ എന്നു പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ബ്രെത്തലൈസറിൽ പൂജ്യം ആണെങ്കിൽ മാത്രമേ ഡ്യൂട്ടി നൽകാൻ അനുവാദമുള്ളൂ എന്നു പരിശോധിച്ച സ്റ്റേഷൻ മാസ്റ്ററും അറിയിച്ചു.

തിരുവനന്തപുരത്തെ കെഎസ്ആർടിസി ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടതോടെ ഷിദീഷിനോട് ഇന്നു ഡ്യൂട്ടിക്കെത്താനും അടുത്ത ദിവസം തന്നെ എംഡിയുമായും മെഡിക്കൽ ബോർഡുമായും ബന്ധപ്പെടാനും നിർദേശിക്കുകയായിരുന്നു.

ഒരു വർഷം മുൻപാണ് കെഎസ്ആർടിസി ഡ്രൈവർമാർക്കു ബ്രെത്തലൈസർ പരിശോധന ആരംഭിച്ചത്. ഇതിൽ ഒന്നിൽ കൂടുതൽ പോയിന്റ് രേഖപ്പെടുത്തിയാൽ തിരിവനന്തപുരത്തേക്കു റിപ്പോർട്ട് നൽകും. 6 മാസം സസ്പെൻഷനും പിന്നീടു സ്ഥലം മാറ്റവും ഇതിനെത്തുടർന്നുണ്ടാകും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe