‘ജൂലൈ ഒന്ന് മുതൽ തിരുവനന്തപുരം എയര്‍പ്പോര്‍ട്ടിൽ യാത്രാനിരക്ക് വ‍ര്‍ധന’, റദ്ദാക്കണമെന്ന് ജോൺ ബ്രിട്ടാസ് എംപി

news image
Jun 26, 2024, 10:45 am GMT+0000 payyolionline.in
തിരുവനന്തപുരം: വിമാനത്താവളത്തിൽ നിന്നുള്ള വിമാനയാ ത്രാനിരക്കുകളുടെ വർധന റദ്ദാക്കണമെന്ന് ഡോ. ജോൺ ബ്രിട്ടാസ് എംപി ഇതു കാണിച്ച് അദ്ദേഹം കേന്ദ്ര വ്യോമയാനമന്ത്രി കിഞ്ജരാപ്പു രാംമോഹൻ നായിഡുവിന് കത്തയച്ചു.  അദാനി ഗ്രൂപ്പ് നടത്തുന്ന തിരുവനന്തപുരം വിമാനത്താവളത്തിലെ സേവന നിരക്കുകൾ വൻതോതിൽ കൂട്ടിയിരിക്കുകയാണ്. ജൂലൈ ഒന്നുമുതൽ പുതിയ നിരക്കുകൾ നിലവിൽ വരുമെന്നു കാണിച്ച് ജൂൺ 21-ന് എയർപ്പോർട്ട് ഇക്കണോമിക് റെഗുലേറ്ററി അതോറിറ്റി ഉത്തരവിറക്കിക്കഴിഞ്ഞു. ഇത് വിമാനയാത്രികർക്കുമേൽ കടുത്ത ഭാരം ചുമത്തുന്ന നിലയാണ്.

തിരുവനന്തപുരം വിമാനത്താവളത്തിൽനിന്നു കയറുന്ന ആഭ്യന്തരയാത്രികരുടെ യൂസർ ഡെവലപ്മെന്റ് ഫീസ് പകുതിയോളം കൂട്ടി 506 രൂപയിൽ നിന്ന് 770 രൂപയാക്കി. വന്നിറങ്ങുന്നവരുടെ ഫീസ് 330 രൂപയും. അടുത്ത കൊല്ലം ഇത് യഥാക്രമം 840 രൂപയും 360 രൂപയുമാകും. അതിനടുത്ത കൊല്ലം 910 രൂപയും 390 രൂപയുമായി പിന്നെയും ഉയരും. വിമാനങ്ങളുടെ ലാൻഡിംഗ് ചാർജും കുത്തനേ കൂട്ടിയിരിക്കയാണ്. ഒരു ടൺ വിമാനഭാരത്തിന് 309 രൂപയുണ്ടായിരുന്നത് മൂന്നിരട്ടിയോളം കൂട്ടി 890 രൂപയാക്കി. പാർക്കിംഗ് ചാർജും സമാനമായി വർധിപ്പിച്ചു.

 

ഇതെല്ലാം തെക്കേ ഇന്ത്യയിലെ, വിശേഷിച്ച് കേരളത്തിലെ, യാത്രക്കാരെ ബാധിക്കും. കൊവിഡ് അനന്തര അതിജീവനദശയിലുള്ള കേരളത്തിലെ വ്യോമയാത്രാമേഖലയെയും സമ്പദ്ഘടനയെയും ഇത് ദോഷകരമായി ബാധിക്കും. സംസ്ഥാനതലസ്ഥാനത്തെ വിമാനത്താവളത്തിന്റെ വളർച്ചയ്ക്കും വികസനത്തിനും ഇതു ദോഷം ചെയ്യുമെന്നും കത്തിൽ ചൂണ്ടിക്കാട്ടി.

 

തിരുവനന്തപുരം വിമാനത്താവളത്തിലെയും ദില്ലി, മുംബൈ, ബംഗളൂരു, ഹൈദരാബാദ, കൊച്ചി വിമാനത്താവളങ്ങളിലെയും വരുമാനവും സേവനനിരക്കുകളും കത്തിൽ താരതമ്യപ്പെടുത്തി. തിരുവനന്തപുരം വിമാനത്താവള നടത്തിപ്പുകാർ തെറ്റായ രീതികൾ കൈക്കൊണ്ട് യാത്രക്കാർക്കുമേൽ അമിതഭാരം ചുമത്തി അധിക ലാഭം കൈപ്പറ്റുകയാണെന്ന് കണക്കുകൾ ചൂണ്ടിക്കാണിച്ചുകൊണ്ട് എം പി വിശദീകരിച്ചു. ഈ സാഹചര്യത്തിൽ നിരക്ക് വർധന സംബന്ധിച്ച ഉത്തരവ് പുനഃപരിശോധിക്കുന്നതിനായി അടിയന്തരമായി ഇടപെടണമെന്ന് ജോൺ ബ്രിട്ടാസ് എം പി കേന്ദ്ര മന്ത്രിയോട് അവശ്യപ്പെട്ടു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe