വിവാദമായ ‘ജെഎസ്കെ– ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള’ സിനിമയുടെ ടൈറ്റിൽ മാറ്റാമെന്ന് നിർമാതാക്കൾ. ‘ജെഎസ്കെ– ജാനകി വി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള’ എന്നാകും ഇനി സിനിമയുടെ പേര്. കോടതി രംഗങ്ങളിൽ ജാനകി എന്ന് പറയുന്ന ഭാഗം മ്യൂട്ട് ചെയ്യാം എന്നും നിർമാതാക്കൾ കോടതിയിൽ അറിയിച്ചു.
സിനിമ പുറത്തിറക്കുന്നതിനാണ് മുഖ്യ പരിഗണനയെന്നും നിരാശയൊന്നും ഇല്ലെന്നും റിലീസ് നീട്ടിക്കൊണ്ട് പോയാൽ വലിയ സാമ്പത്തിക നഷ്ടം ഉണ്ടാകും എന്നും അണിയറ പ്രവർത്തകർ പറഞ്ഞു. എത്രയും വേഗം സെൻസർ ബോർഡിന് മുമ്പിൽ സിനിമ വീണ്ടും സമർപ്പിക്കും. ജാനകി V Vs State ഓഫ് കേരള എന്നായിരിക്കും പുതിയ പേര്.
വിചിത്രവാദങ്ങൾ നിരത്തി ഹൈക്കോടതിയില്‍ സെന്‍സര്‍ ബോര്‍ഡിന്റെ സത്യവാങ്മൂലം. ബലാത്സംഗത്തിനിരയായ ജാനകിയെ വിസ്തരിക്കുന്ന പ്രതിഭാഗം അഭിഭാഷകന് ഇതര മതസ്ഥന് ആണെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. ജാനകിയെന്ന കഥാപാത്രത്തെ അപമാനിക്കുന്ന ചോദ്യങ്ങള്‍ ഈ സീനിലുണ്ട്. മതങ്ങള്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തിന് ഈ രംഗം കാരണമാകും എന്നും സെന്‍സര്‍ ബോര്‍ഡിന്റെ സത്യവാങ്മൂ പറയുന്നു.
ജാനകിയെന്ന പേര് സീതാദേവിയുടെ വിശുദ്ധനാമം. മതവികാരത്തെ അപമാനിക്കുന്നതിലൂടെ ക്രമസമാധാനം തകര്‍ക്കാനാണ് ശ്രമം. സങ്കീര്‍ണ്ണമായ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതാണ് സിനിമയിലെ രംഗം. ഇത് അംഗീകരിച്ചാല്‍ തുടര്‍ന്നും സമാന രംഗങ്ങള്‍ സിനിമകളില്‍ ആവര്‍ത്തിക്കും എന്നും സെന്‍സര്‍ ബോര്‍ഡിന്റെ സത്യവാങ്മൂലത്തിൽ പറയുന്നു.
സുരേഷ് ഗോപി നായകനായ ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള സിനിമാ വിവാദത്തിൽ സെന്‍സര്‍ ബോര്‍ഡ് നിലപാട് മയപ്പെടുത്തിയിരുന്നു. വിഷയം സമവായത്തിലൂടെ പരിഹരിക്കാമെന്ന് സെന്‍സര്‍ ബോര്‍ഡ് അറിയിച്ചു. 96 കട്ട് ആണ് സെന്‍സര്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ചത്. എന്നാൽ അതുണ്ടാകില്ല. ഒരു സീന്‍ കട്ട് ചെയ്യണം, സബ്ടൈറ്റിലില് മാറ്റം വരുത്തണം. കോടതി രംഗങ്ങളിൽ ജാനകി എന്ന പേര് മ്യൂട്ട് ചെയ്യണമെന്നും സെന്‍സര്‍ ബോര്‍ഡ്.