തിരുവനന്തപുരം: ജെസ്‌നയുടെ തിരോധാനത്തെക്കുറിച്ചുള്ള അന്വേഷണം സിബിഐ അവസാനിപ്പിച്ചത് പൊലീസ് കണ്ടെത്തിയതിനപ്പുറം തെളിവുകൾ ലഭിക്കാതെ വന്നതോടെ. പൊലീസിനെ കുറ്റപ്പെടുത്തുന്ന റിപ്പോർട്ടാണ് കോടതിയിൽ സിബിഐ നൽകിയിരിക്കുന്നതെന്നാണ് വിവരം. അന്വേഷണത്തിൽ പൊലീസിന് വീഴ്‌ചയുണ്ടായെന്ന് സ്ഥാപിച്ച് തടിയൂരാനാണ് നീക്കം. റിപ്പോർട്ട് കോടതി ഇതുവരെ പരിഗണിച്ചിട്ടില്ല.
മൂന്നുവർഷം അന്വേഷിച്ചിട്ടും പുതിയ വിവരം ലഭിക്കാത്തതിനാലാണ് അന്വേഷണം അവസാനിപ്പിക്കുന്നു, തെളിവ് കിട്ടുമ്പോൾ നോക്കാം എന്ന് കോടതിയിൽ റിപ്പോർട്ട് നൽകിയത്. 2018 മാർച്ച് 22ന് പത്തനംതിട്ട മുക്കൂട്ടുതറയിൽനിന്ന് ജെസ്‌നയെ കാണാതായപ്പോൾ വെച്ചൂച്ചിറ പൊലീസും പിന്നീട് പ്രത്യേക സംഘവും വിശദമായ അന്വേഷണം നടത്തിയിരുന്നു. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പൊലീസാണ് ശേഖരിച്ചത്. ക്രൈംബ്രാഞ്ച് ഏറ്റെടുത്തതോടെ മറ്റു സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. ജെസ്‌ന താമസിക്കുന്ന സ്ഥലംകണ്ടെത്തിയതായി ക്രൈംബ്രാഞ്ച് വെളിപ്പെടുത്തിയെങ്കിലും തുടരന്വേഷണത്തിൽ ഗുണം ലഭിച്ചില്ല.
ജെസ്‌നയുടെ ബന്ധുക്കളെയും സുഹൃത്തിനെയും ശാസ്‌ത്രീയ പരിശോധനകൾക്ക് വിധേയരാക്കിയതും പൂജപ്പുര സെൻട്രൽ ജയിലിലെ തടവുകാരന് ജെസ്‌നയെ അറിയാമെന്ന് സഹതടവുകാരന്റെ മൊഴി അടിസ്ഥാനമാക്കി നടത്തിയ അന്വേഷണവും മാത്രമാണ് സിബിഐയുടെ ഭാഗത്തുനിന്നുണ്ടായ നീക്കങ്ങൾ. സിസ്റ്റർ അഭയയുടെ മരണം ഉൾപ്പെടെ സുപ്രധാന കേസുകളിൽ അന്വേഷണം അവസാനിപ്പിക്കാൻ സിബിഐ ശ്രമിച്ചിരുന്നു. മരണം കൊലപാതകം ആണെന്ന് വ്യക്തമാണെങ്കിലും പ്രതിയെ കണ്ടെത്താൻ കഴിയുന്നില്ല എന്ന റിപ്പോർട്ടുകൾ കോടതി തള്ളിയതോടെയാണ് പുതിയ സംഘത്തിന് അന്വേഷിച്ച് തെളിയിക്കേണ്ടിവന്നത്.