ന്യൂഡൽഹി: മുൻ ഡി.ജി.പി ജേക്കബ് തോമസിനെതിരായ ഡ്രഡ്ജർ അഴിമതിക്കേസിൽ നെതർലൻഡ്സ് സർക്കാറിനെ സമീപിച്ചതായി കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ. ആരോപണവിധേയരായ ഡച്ച് കമ്പനി ഐ.എച്ച്.സി ബീവെറിന്റെ വിവരങ്ങൾ തേടി ആഭ്യന്തര മന്ത്രാലയം നെതർലൻഡ്സ് സർക്കാറിന് കത്ത് കൈമാറിയതായും അഡീഷനൽ സോളിസിറ്റർ ജനറൽ എസ്.വി. രാജു സുപ്രീംകോടതിയെ അറിയിച്ചു.
കേസ് അന്വേഷിക്കുന്ന വിജിലൻസ് അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് കത്ത് കൈമാറിയത്. ജേക്കബ് തോമസിന് ബി.ജെ.പിയുമായി ബന്ധമുള്ളതിനാൽ അന്വേഷണവുമായി കേന്ദ്രം സഹകരിക്കുന്നില്ലെന്ന് കേസിലെ പരാതിക്കാരനായ സത്യൻ നരവൂർ നേരത്തെ സുപ്രീംകോടതിയിൽ ആരോപിച്ചിരുന്നു. കത്ത് കൈമാറിയ സാഹചര്യത്തിൽ കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനുള്ള തുടർ നടപടികൾ വേഗത്തിലാക്കാൻ സുപ്രീംകോടതി കേന്ദ്രത്തോട് നിർദേശിച്ചു. നെതർലൻഡ്സിന്റെ ഡൽഹിയിലെ സ്ഥാനപതിയുമായി വിഷയവുമായി ബന്ധപ്പെട്ട് ആവശ്യമായ ചർച്ച നടത്താൻ സി.ബി.ഐ എസ്.പിയോടും നിയമമന്ത്രാലയത്തിലെ ഉദ്യോഗസ്ഥരോടും ജസ്റ്റിസുമാരായ അഭയ് എസ്.ഓഖ, ഉജ്ജ്വൽ ഭുയാൻ എന്നിവരുടെ ബെഞ്ച് നിർദേശിച്ചു.
ഇതുസംബന്ധിച്ച പുരോഗതി മാർച്ച് മൂന്നിന് അറിയിക്കണം. നേരത്തെ, ഹരജിയിൽ അയച്ച നോട്ടീസിന് മറുപടി നൽകാത്തതിനുള്ള കാരണം വിശദീകരിക്കാൻ കേന്ദ്ര സർക്കാറിന്റെ ലീഗൽ സെല്ലിലെ അണ്ടർ സെക്രട്ടറി വെള്ളിയാഴ്ച സുപ്രീംകോടതിയിൽ നേരിട്ട് ഹാജരായിരുന്നു.