ജ്ഞാന്‍വാപ്പി പള്ളിയില്‍ സര്‍വേ നടത്തുന്നത് 2 ദിവസത്തേക്ക് തടഞ്ഞ് സുപ്രീംകോടതി

news image
Jul 24, 2023, 11:30 am GMT+0000 payyolionline.in

ന്യൂഡല്‍ഹി:  വാരണാസി ജ്ഞാന്‍വാപ്പി പള്ളിയില്‍ ആര്‍കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യക്ക് ശാസ്ത്രീയ പരിശോധനാ അനുമതി നല്‍കിയ വാരാണസി കോടതി ഉത്തരവ് സുപ്രീംകോടതി രണ്ട് ദിവസത്തേക്ക് സ്‌റ്റേ ചെയ്തു.  വാരണസിയിലെ കാശി വിശ്വനാഥ് ക്ഷേത്രത്തിനടുത്തുള്ള ചരിത്രപരമായ പള്ളി കുഴിച്ചുനോക്കുമെന്ന ആശങ്ക പള്ളി കമ്മിറ്റി കേന്ദ്രത്തെ അറിയിച്ചിരുന്നു.

അതേസമയം, ഒരു ഇഷ്ടിക പോലും എടുത്ത് മാറ്റുകയോ പുതിയതായി വെക്കുകയോ ചെയ്യില്ലെന്നായിരുന്നു കേന്ദ്രം കോടതിയെ അറിയിച്ചത്. സര്‍വേ  പ്രകാരം അളവ്, ചിത്രങ്ങള്‍,റഡാര്‍ പഠനം എന്നിവ മാത്രമാണ് നടത്തുന്നതെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത്ത പറഞ്ഞു. എന്നാല്‍ , ബുധനാഴ്ച വൈകുന്നേരം അഞ്ച് മണി വരെ  സ്‌റ്റേ നല്‍കുകയായിരുന്നു.  അലഹബാദ്‌ ഹൈക്കോടതിയെ സമീപിക്കാനും മസ്ജിദ് കമ്മറ്റിയോട് സുപ്രീം കോടതി പറഞ്ഞു.

നാളെ തന്നെ അലഹാബാദ് ഹൈക്കോടതിയെ സമീപിക്കാനാണ് പള്ളി കമ്മിറ്റിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ജൂലൈ 26-ന് മുന്‍പ് വാദം കേള്‍ക്കണമെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി. പര്‍ദിവാല, മനോജ് മിസ്ര എന്നിവരാണ് ഹര്‍ജി പരിഗണിച്ചത്. ഹിന്ദുക്ഷേത്രത്തിന് മുകളിലാണ് പള്ളി നിര്‍മിച്ചിട്ടുള്ളതെന്നും അത് തെളിയിക്കാന്‍ ശാസ്ത്രീയപരിശോധനകള്‍ ആവശ്യമാണെന്നുമാണ് ഹിന്ദുകക്ഷികളുടെ ആവശ്യം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe